സുൽത്താൻ ബത്തേരി: കഴിഞ്ഞ എൽ.ഡി.എഫ് മുൻസിപ്പൽ ഭരണസമിതി ഒപ്പുവച്ച സുൽത്താൻ ബത്തേരി പുതിയ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം നടപ്പാക്കാൻ പുതിയ ഭരണ സമിതി തയ്യാറാകണമെന്ന് സുൽത്താൻ ബത്തേരി മാർച്ചന്റ് അസോസിയേഷൻ ഭാരവാഹികളും കെട്ടിട ഉടമകളും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സുൽത്താൻ ബത്തേരിയുടെ വികസനത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതിയാണ് ഇപ്പോഴത്തെ ഭരണസമിതി ഇല്ലാതാക്കുന്നത്. ഇതിന് പിന്നിൽ ചിലരുടെ ഗൂഢലക്ഷ്യമുണ്ട്. മൂന്നര ഏക്കർ സ്ഥലമാണ് ബസ് ടെർമിനൽ നിർമാണത്തിനായി പഴയ എൽ.ഡി.എഫ് ഭരണസമിതി വാങ്ങിയത്.
ഗ്ലോബൽ വെഞ്ച്വർ എന്ന കമ്പനിയുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. ഏതു മുന്നണി ഭരിച്ചാലും നഗരസഭ ഒപ്പിട്ട കരാർ നടപ്പാക്കണം. ഇങ്ങനെ കരാറുകൾ റദ്ദാക്കിയാൽ ബത്തേരിയിലേക്ക് നിക്ഷേപകർ വരില്ല. പൊതുപണം അനാവശ്യ വ്യവഹാരങ്ങൾക്ക് പാഴാക്കാതെ ടെർമിനൽ എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് യു.ഡി.എഫ് ഭരണസമിതി ശ്രമിക്കേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ഖാദർ, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എം. ചാക്കോ, സെക്രട്ടറി അബ്ദുൽ മനാഫ്, ഗ്ലോബൽ വെഞ്ച്വർ സിഞ്ജുമോഹനൻ, അഡ്വ.പി. വാസു, കുര്യൻ ജോസഫ്, സുനിൽകുമാർ, ഹംസ, റസാഖ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.