കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ വയനാടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിലും സജീവമായ സ്ഥാനാർഥി ചർച്ചകൾ തീർപ്പിലേക്ക് നീങ്ങുകയാണ്. ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും രൂക്ഷമായ ഉരുൾദുരന്തത്തെ കൈകാര്യം ചെയ്യുകയും അതിജീവിതർക്കുള്ള ടൗൺഷിപ് പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാനായതും എൽ.ഡി.എഫ് നേട്ടമായി ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്. പാർട്ടിയിലെ പ്രശ്നങ്ങൾ തീർപ്പാക്കാനായതും തദ്ദേശതെരഞ്ഞെടുപ്പിലെ വൻവിജയവും നൽകുന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും യു.ഡി.എഫും തെരഞ്ഞെടുപ്പിലേക്ക നീങ്ങുന്നത്.
കൽപറ്റ മണ്ഡലത്തിൽ ടി. സിദ്ദീഖ് തന്നെയായിരിക്കും യു.ഡി.എഫ് സ്ഥാനാർഥിയെന്നാണ് സൂചനകൾ. 5470 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിദ്ദീഖ് കഴിഞ്ഞ തവണ കൽപറ്റയിൽ വിജയിച്ചത്. എന്നാൽ, ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ അട്ടിമറിവിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ടി. സിദ്ദീഖിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് സി.പി.എം പതിവാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ടൗൺഷിപ് ഉദ്ഘാടന ചടങ്ങിൽ എം.എൽ.എ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മുതൽ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ കൂവിയിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപകപ്രതിഷേധമാണ് ഉയർന്നത്.
അതിനിടെ എം.പി യെ കൂടാതെ എം.എൽ.എ യെയും വയനാട്ടിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെതിരേ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ നേരത്തേ രംഗത്തെത്തിയിരുന്നു. സംവരണ സീറ്റുകൾ മാറ്റിനിർത്തിയാൽ കൽപറ്റ മാത്രമാണ് വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാനുള്ള ഏകമണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫിന് ശക്തമായ അനുകൂല തരംഗം ഉണ്ടായപ്പോഴും കൽപറ്റ മണ്ഡലത്തിൽ വേണ്ടത്ര മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരുന്നതും കാര്യമായ ചർച്ചയാണ്. യു.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന കൽപറ്റ നഗരസഭയും മൂപ്പൈനാട്, മുട്ടിൽ പഞ്ചായത്തുകളും നഷ്ടപ്പെട്ടത് കോൺഗ്രസ് നേതാക്കളുടെ പിടിപ്പുകേട് കൊണ്ടാണെന്നാണ് ആരോപണം. കൽപറ്റയിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന് വേണ്ടി മത്സരിച്ച് തോറ്റത് ശ്രേയാംസ് കുമാറാണ്. ഇത്തവണ അദ്ദേഹം മത്സരത്തിനില്ലെന്നാണ് സൂചന. എൽ.ഡി.എഫിൽ തുടരുന്നപക്ഷം ആർ.ജെ.ഡി ക്ക് അവകാശപ്പെട്ട സീറ്റിൽ മത്സരിക്കാൻ നിരവധി പേരുകൾ ഉയരുന്നുവരുന്നുണ്ട്. എൽ.ഡി.എഫിന് സാധ്യത കുറഞ്ഞ മണ്ഡലമായതിനാൽ തന്നെ ശ്രേയാംസ് കുമാറിന്റെ മകൾ മത്സരിക്കാനുള്ള സാധ്യതയും കുറവാണ്. പി.കെ. അനിൽ കുമാർ, ജുനൈദ് കൈപ്പാണി, കെ.കെ. ഹംസ, പി.പി. ഷൈജൽ, അജ്മല്‍ സാജിദ്, പി.എം. ഷബീറലി തുടങ്ങിയവരുടെ പേരുകളും നേരത്തേ സ്ഥാനാർഥി പട്ടികയിലേക്ക് ഉയർന്നുവന്നിരുന്നു.
മാനന്തവാടി മണ്ഡലം നിലനിർത്താൻ ഇടതുമുന്നണിയും തിരിച്ചുപിടിക്കാൻ വലതുമുന്നണിയും തന്ത്രങ്ങളിൽ സജീവമാണ്. നിലവിലെ എം.എൽ.എയുമായ മന്ത്രി ഒ.ആർ. കേളുവിന് മൂന്നാം തവണയും അവസരം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ തെരഞ്ഞെടുപ്പില്‍ 1307 വോട്ടിനാണ് യു.ഡി.എഫിലെ പി.കെ ജയലക്ഷ്മിയെ തോൽപിച്ചതെങ്കില് രണ്ടാമത് ജലയക്ഷ്മിയുമായുള്ള മത്സരത്തില്‍ ഒ.ആര്. കേളുവിന്റെ ഭൂരിപക്ഷം 9282 ആയി ഉയർന്നിരുന്നു.
ഇത്തവണ കേളുവിനെ പരിഗണിക്കുന്നില്ലെങ്കിൽ മാനന്തവാടി നഗരസഭ മുൻ ചെയർമാൻ വി.ആർ. പ്രവീജ്, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ ഗ്രാമ പഞ്ചായത്തംഗവുമായ അനിഷ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഇടതുമുന്നണി പരിഗണിക്കുന്നത്. യു.ഡി.എഫിലാകട്ടെ സ്ഥാനാർഥികളുടെ നീണ്ട നിരയാണുള്ളത്. സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി.ബാലകൃഷ്ണൻ കൂടുമാറി മാനന്തവാടിയിൽ മത്സരിക്കുമെന്ന് പ്രചാരണം ശക്തമാണ്. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, എടവക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഉഷ വിജയൻ, അധ്യാപക സംഘടന നേതാവ് മുരളി മാസ്റ്റർ ആയപൊയിൽ, മണിക്കുട്ടൻ പണിയൻ, കരുനാഗപ്പള്ളി സ്വദേശിയും കുറുമ സമുദായാംഗവുമായ മഞ്ജു കുട്ടൻ എന്നിവരുടെ പേരുകളും യു.ഡി.എഫിന്റെ സജീവ ചർച്ചയിൽ ഉണ്ട്.
സുൽത്താൻ ബത്തേരി മണ്ഡലത്തിൽ സീറ്റ് നിലനിർത്താൻ യു.ഡി.എഫും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും ശക്തമായി കളത്തിലിറങ്ങുകയാണ്. യു.ഡി.എഫിന് മുൻതൂക്കമുള്ള നിയമസഭ മണ്ഡലമാണ് സുൽത്താൻ ബത്തേരി. മണ്ഡലം രൂപീകൃതമായിട്ട് 11 തവണ തിരഞ്ഞെടുപ്പ് നടന്നു. അതിൽ ഒമ്പത് തവണയും യു.ഡി.എഫാണ് വിജയിച്ചത്.
കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഐ.സി. ബാലകൃഷ്ണനാണ് ഇവിടെ നിന്നും വിജയിച്ചിട്ടുള്ളത്. എന്നാൽ അതിനുമുമ്പ് എൽ.ഡി.എഫിലെ പി. കൃഷ്ണപ്രസാദും വർഗീസ് വൈദ്യരും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ വിജയച്ച ചരിത്രമുണ്ട്. അതിനാൽ യു.ഡി.എഫിന്റെ തുടർച്ചയായ വിജയം എൽ.ഡി.എഫിനെ അലോരസപ്പെടുത്തുന്നില്ല.
ഇത്തവണയും യു.ഡി.എഫ് പാളയത്തിൽനിന്ന് ഐ.സി. ബാലകൃഷ്ണന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. നാലാമതും ഐ.സി. ബാലകൃഷ്ണനെ സുൽത്താൻ ബത്തേരിയിൽ മത്സരിപ്പിക്കാൻ യു.ഡി.എഫിൽ വലിയ തർക്കങ്ങളെന്നുമില്ലെന്നാണ് അറിയുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഐ.സി. ബാലകൃഷ്ണൻ ഏറെ ആരോപണങ്ങൾക്ക് നടുവിലാണ് എന്നതും ശ്രദ്ധേയമാണ്. എൽ.ഡി.എഫിൽ ഇത്തവണ പലരുടെയും പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. കഴിഞ്ഞതവണ മണ്ഡലത്തിൽ മത്സരിച്ച എം.എസ്. വിശ്വനാഥൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെംബർ രുഗ്മിണി സുബ്രഹ്മണ്യൻ, എ.കെ.എസ് നേതാവ് പി. വാസുദേവൻ എന്നിവർക്കൊക്കെ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷമേ ഇതുസംബന്ധിച്ച ചർച്ചകൾ നടക്കൂവെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെ പഴികേട്ട മണ്ഡലമാണ് സുൽത്താൻ ബത്തേരി. എൻ.ഡി.എ സ്ഥാനാർഥി സി.കെ. ജാനു 15198 വോട്ട് നേടി. ജാനുവിനെ സ്ഥാനാർഥിയാക്കാൻ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണമാണ് ഉയർന്നത്. കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലം അതുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.