ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന്റെ ഭാഗമായി മാനന്തവാടിയിൽ നടന്ന പ്രകടനം
മാനന്തവാടി: സർക്കാർ ആശുപത്രികളിലെ അശരണരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ നടത്തുന്ന പൊതിച്ചോർ വിതരണ പദ്ധതി ‘ഹൃദയപൂർവം’ തകർക്കാനുള്ള നീക്കത്തിൽനിന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പിൻവാങ്ങണമെന്ന് ജില്ല സമ്മേളനം ആവശ്യപ്പെട്ടു.
പൊതിച്ചോറിൽ മണ്ണുവാരിയിടാനുള്ള സംസ്ഥാന സർക്കാറിന്റെ ശ്രമം പ്രതിഷേധാർഹവും മനുഷ്യത്വരഹിതവുമാണ്. ദിവസവും നാൽപതിനായിരത്തിലധികം പേർക്കാണ് ഡി.വൈ.എഫ്.ഐ ഭക്ഷണം എത്തിക്കുന്നത്. രാജ്യത്ത് വിഭജനവും ഭിന്നിപ്പും സൃഷ്ടിക്കുന്ന കാലത്ത് ജാതിമത വ്യത്യാസമില്ലാതെ അപരനോടുള്ള കരുതൽ ഉയർത്തിപ്പിടിച്ച പദ്ധതിയാണ് ‘ഹൃദയപൂർവം’. ഒമ്പത് വർഷമായി ജില്ലയിൽ മുടങ്ങാതെ ഭക്ഷണവിതരണം നടത്തുകയാണ്.
കോൺഗ്രസും യൂത്ത് കോൺഗ്രസും കാലങ്ങളായി നടത്തിയ വ്യാജപ്രചാരണങ്ങളെ ചെറുത്തും വയറെരിയുന്നവരുടെ മിഴിനിറയാതെ കാത്തു. ആശുപത്രികളിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ച് ഭക്ഷണം കൊടുക്കാൻ സർക്കാർ തീരുമാനിച്ചാൽ പിന്തുണക്കും. രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ പാവപ്പെട്ടവരുടെ അന്നം മുടക്കാൻ അനുവദിക്കില്ലെന്നും സമ്മേളനം വ്യക്തമാക്കി.
വയനാട് തുരങ്കപാത യാഥാർഥ്യമാക്കുക, മെഡിക്കൽ കോളജ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, പടിഞ്ഞാറത്തറ-പൂഴിത്തോട് പാത ഉടൻ യാഥാർഥ്യമാക്കുക, ജില്ലയുടെ വിനോദസഞ്ചാര സാധ്യതയെ ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസം ചർച്ചക്ക് ജില്ല സെക്രട്ടറി കെ.എം. ഫ്രാൻസിസും സംസ്ഥാന പ്രസിഡന്റ് വി. വസീഫും മറുപടി പറഞ്ഞു. ജില്ല കമ്മിറ്റി പ്രസിദ്ധീകരിച്ച സുവനീർ വി. വസീഫ് പ്രകാശനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം എം. വിജിൻ എം.എൽ.എ, മുൻ മന്ത്രി ഒ.ആർ. കേളു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.