വാളാരംകുന്ന് ഉന്നതി പുനരധിവാസം; ആദ്യഘട്ട വീടുകള്‍ നാളെ കൈമാറും

മാനന്തവാടി: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് ആദിവാസി ഉന്നതിയിലെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി റവന്യൂ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ പണി പൂര്‍ത്തിയായ 27 വീടുകളുടെ ഉദ്ഘാടനവും താക്കോല്‍ദാനവും തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെള്ളമുണ്ട എട്ടെനാല്‍ സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും.

2018ലും 2019ലും ഉണ്ടായ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലും മറ്റുമുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരെ മാറ്റി താമസിപ്പിക്കണമെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതുപ്രകാരം 2021ല്‍ ആരംഭിച്ച പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. വയനാട് നിർമിതി കേന്ദ്ര ഏറ്റെടുത്ത 27 വീടുകളാണ് ഇപ്പോള്‍ പണി പൂര്‍ത്തിയായിട്ടുള്ളത്. 30 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

17 കുടുംബങ്ങള്‍ക്ക് ഇനിയും മാറ്റിപ്പാര്‍പ്പിക്കാന്‍ ഭൂമി കണ്ടെത്തണം. പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി. അനില്‍കുമാറും താക്കോല്‍ദാനം കൃഷിമന്ത്രി ടി. സിദ്ദീഖും നിർവഹിക്കും. ഉഷ വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ല ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, മുന്‍ മന്ത്രി ഒ.ആര്‍. കേളു തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല, മാനന്തവാടി ടി.ഡി.ഒ ബിന്ദു, സലാം, ഷാജി ജേക്കബ്, എം.പി. സുരേഷ്‌കുമാര്‍, ടി.കെ. മമ്മുട്ടി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Tags:    
News Summary - Valaramkunnu Unnati Rehabilitation; First phase of houses to be handed over tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.