പുൽപള്ളി മരക്കടവിൽ മഴയില്ലാത്തിനാൽ കൃഷിയിറക്കാൻ പറ്റാതായ പാടം
കല്‍പറ്റ: കർക്കടകം പിറന്നിട്ടും മഴയില്ലാത്ത വയനാട്ടിൽ ജൂലൈ അവസാനത്തോടെ കൂടുതൽ മഴ കിട്ടുമെന്ന് പ്രതീക്ഷ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയില്‍ ജൂണ്‍ ഒന്നിനും ജൂലൈ 15നും ഇടയില്‍ ലഭിക്കേണ്ട ശരാശരി മഴ 1,174 മില്ലി മീറ്ററാണ്.
എന്നാല്‍, ശരാശരി 608 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്നാണ് പുളിയാര്‍മല ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജിയിലെ കാലാവസ്ഥ ലാബിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജില്ലയില്‍ താപനിലയിലും വ്യതിയാനം ഉണ്ടായിട്ടുണ്ട്. പസഫിക് സമുദ്രത്തിലുണ്ടാകുന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ ആഘാതം ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തി കുറച്ചതാണ് മഴക്കുറവിന് പ്രധാന കാരണമെന്നും ജൂലൈ അവസാനത്തോടെ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
ജില്ലയില്‍ പ്രാദേശിക മഴയളവില്‍ വലിയ അന്തരമുണ്ട്. കാലവര്‍ഷത്തില്‍ സാധാരണ കൂടുതല്‍ മഴ ലഭിക്കാറുള്ള ലക്കിടിയില്‍ ഇക്കുറിയും മെച്ചപ്പെട്ട അളവില്‍ മഴ പെയ്തു. ജൂണ്‍ ഒന്നിനും ജൂലൈ 15നും ഇടയില്‍ ഇവിടെ 1,666 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മലയോര പ്രദേശങ്ങളായ വൈത്തിരി, മേപ്പാടി, പൊഴുതന, തൊണ്ടര്‍നാട്, തവിഞ്ഞാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഭേദപ്പെട്ട അളവില്‍ മഴ ലഭിച്ചു. എന്നാല്‍, കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള മുള്ളന്‍കൊല്ലിയില്‍ 143 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കബനി തീര പ്രദേശങ്ങളായ കൊളവള്ളി, മരക്കടവ് പ്രദേശങ്ങളിലാണ് ഏറ്റവും കുറഞ്ഞ അളവില്‍ മഴ പെയ്തത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ ഏറ്റവും കുറവ് ശരാശരി മഴ രേഖപ്പെടുത്തിയത് 2023ല്‍ ആണ് -555 എം.എം. അതിനുശേഷം വലിയ മഴക്കുറവ് അനുഭവപ്പെടുന്നത് ഈ വര്‍ഷമാണ്. ആകാശം പൂര്‍ണമായി മേഘാവൃതമായിരിക്കുകയും തുടര്‍ച്ചയായ മഴ ലഭിക്കുകയും ചെയ്ത ജൂലൈ ആദ്യവാരം ജില്ലയിലെ ശരാശരി ഉയര്‍ന്ന അന്തരീക്ഷ താപനില 24.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞിരുന്നു.
താരതമ്യേന തണുത്ത കാലാവസ്ഥയാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. മഴ മാറിനില്‍ക്കുകയും അന്തരീക്ഷം വരണ്ടതാവുകയും ചെയ്ത രണ്ടാം വാരത്തില്‍ ശരാശരി താപനില വീണ്ടും ഉയര്‍ന്ന് 27.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഈ വര്‍ഷം പകുതി പിന്നിട്ടിട്ടും തുടരുന്ന മഴക്കുറവ് വലിയ കാലാവസ്ഥാ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വിദഗ്ധർ പറയുന്നു. മഴക്കുറവ് കാർഷികമേഖലയെടക്കം സാരമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.