കെ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ

കെ.കെ. ചന്ദ്രശേഖരൻ, വിശ്രമമില്ലാത്ത സാമൂഹികസേവനം

വെള്ളമുണ്ട: വാർധക്യമായാൽ എല്ലാ പ്രവർത്തനങ്ങളും നിർത്തി വീട്ടിലൊതുങ്ങുന്നവർക്ക് മുന്നിൽ വിശ്രമമില്ലാത്ത സാമൂഹിക സേവനം കൊണ്ട് മാതൃകയാവുകയാണ് വെള്ളമുണ്ട പൂമംഗലത്ത് കെ.കെ. ചന്ദ്രശേഖരൻ. ഗ്രാമങ്ങളിലെ നാലുവഴികളിലും സാമൂഹികസേവനത്തെ അതിരറ്റ് സ്നേഹിക്കുന്ന ഇദ്ദേഹം വാർധക്യത്തിന്റെ അവശതകൾ ഇല്ലാതെ ഓടുകയാണ്.

പഴയ റവന്യു ഗ്രേഡ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഇദ്ദേഹം ഔദ്യോഗിക കൃതൃനിർവഹണത്തിനിടയിലും സാമൂഹിക സേവനരംഗത്ത് സജീവമായിരുന്നു. വടക്കേ വയനാടിന്റെ ഗ്രന്ഥശാലകളുടെ പിൻതുടർച്ചയിലെല്ലാം ചന്ദ്രശേഖരനെന്ന ചെറുതും വലുതുമായ ചില അടയാളങ്ങളുണ്ട്. 1990 കാലത്ത് സാക്ഷരത പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച് മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങിയിരുന്നു. മികച്ച സാക്ഷരത പ്രവർത്തകർക്കുള്ള മാനന്തവാടി ബ്ലോക്കുതല പുരസ്കാരം പി.കെ. കാളനിൽനിന്നു ഏറ്റുവാങ്ങിയിരുന്നു.

1976 മുതൽ തുടങ്ങുന്ന ഗ്രന്ഥശാല പ്രവർത്തനങ്ങളുടെ ഈ അനുഭവപാഠം ഇന്നും തളർച്ചയില്ലാതെ തുടരുകയാണ്. ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകർക്ക് ചെറുകര ലൈബ്രറി ഏർപ്പെടുത്തിയ കെ. ഗോവിന്ദൻ സ്മാരക അവാർഡും 2014ൽ ചന്ദ്രശേഖരന് ലഭിച്ചിട്ടുണ്ട്. 2014 ൽ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുളള അവാർഡും അദ്ദേഹം നേടിയിരുന്നു. ഗ്രാമത്തിന്റെ വായനശീലം വളർത്തുന്നതിനുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ബോധ്യപ്പെട്ട പി.എൻ. പണിക്കർ സ്വന്തം കൈപ്പടയിൽ അഭിനന്ദനക്കത്ത് അയച്ചിരുന്നു.

സ്വന്തം വിലാസത്തിൽ തേടിവന്ന കത്തുകളിൽ ഏറെ പ്രിയപ്പെട്ടതായിരുന്നു ഈ എഴുത്ത്. ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട് ചന്ദ്രശേഖരൻ ആ കത്ത്. 1960 ലാണ് കോട്ടയത്തുനിന്നു വയനാട്ടിലേക്ക് കുടിയേറിയത്. വെള്ളമുണ്ട ഗവ. ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. 1976 മുതൽ 1986 വരെ റവന്യൂ വകുപ്പിൽ എൽ.ഡി ക്ലർക്കായായിരുന്നു. വണ്ണാത്തോട് എൽ.യു.പിയിൽ കുറഞ്ഞകാലം അധ്യാപകനായും ജോലി നോക്കി. 1980 ൽ ഒന്നാം റാങ്കോടെ ബിൽ കലക്ടർ തസ്തികയിൽ പി.എസ്.സി വഴി നിയമനം നേടി. അതിന് ശേഷം ഔദ്യോഗികമായ കൃത്യനിർവഹണത്തിനിടയിലും ജോലിയെ സാമൂഹിക സേവനമായി മാറ്റുകയാവുകയായിരുന്നു.

33 വർഷമായി വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി പ്രസിഡന്റ് സ്ഥാനത്തും ചന്ദ്രശേഖരൻ എന്ന ഗ്രന്ഥശാലാ പ്രവർത്തകനാണ്. വെള്ളമുണ്ട പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനത്തിലും സജീവമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് സംഘടിപ്പിച്ച പാലിയേറ്റിവ് വളണ്ടിയർ പരിശീലനത്തിൽ പങ്കെടുത്തവരിൽ മുടങ്ങാതെ സേവന രംഗത്തുള്ള ചന്ദ്രശേഖരൻ പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്.

Tags:    
News Summary - K.K. Chandrasekaran, restless social service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.