തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള റെയില്‍പാതയുടെ നിര്‍മാണം 2028 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി.എന്‍ വാസവന് നിയമസഭയെ അറിയിച്ചു. പാതയുടെ നിര്‍മാണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണ്. പഴയ ഉടമ്പടിപ്രകാരം റെയില്‍പ്പാത സ്ഥാപിക്കേണ്ടിയിരുന്നത് 2022 മെയിലായിരുന്നു. പുതിയ സെറ്റില്‍മെന്റ് കരാര്‍ പ്രകാരമാണ് അവസാന തീയതി ഡിസംബര്‍ 2028 ആക്കി ദീര്‍ഘിപ്പിച്ചത്.
കൊങ്കണ്‍ റെയില്‍ കോര്പറേഷന് ലിമിറ്റഡ് തയ്യാറാക്കിയ ഡി.പി.ആര് പ്രകാരം 10.7 കി.മീ ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയാണ് തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. പാതയുടെ 9.02 കി.മീ ദൂരവും ടണലിലൂടെ കടന്നുപോകും. ഡി.പി.ആറിന് ദക്ഷിണ റെയില്‍വേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതിയും ലഭ്യമായി. വിഴിഞ്ഞം തുറമുഖത്തിന്റെ ഗേറ്റ് വേ കണ്ടെയ്നര്‍ ട്രാഫിക്കിന്റെ സാധ്യത കണക്കിലെടുത്ത് ഒരു കണ്ടെയ്നര്‍ റെയില്‍ ടെര്‍മിനല്‍ തിരുവനന്തപുരത്തെ ഏതെങ്കിലും റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് ഉടന്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നു.
റെയില്‍ കണക്ടിവിറ്റി സ്ഥാപിക്കുന്നതുവരെ സി.ആർ.ടി വഴി റെയില്‍ ചരക്കുനീക്കം ഇതുവഴി സാധ്യമാകും. ഇതിനുവേണ്ടി ബാലരാമപുരം, പള്ളിച്ചല്‍, അതിയന്നൂര്‍ വില്ലേജുകളില്‍പ്പെട്ട 4.697 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കല്‍ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.