മംഗലപുരം: മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിലായി. സംസ്ഥാനത്തുടനീളം 120ലധികം മോഷണ കേസുകളിൽ പ്രതിയാണ്.
കണിയാപുരം കൈപ്പള്ളിയിലെ ഒരു വീട്ടിൽ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. രാത്രിയിൽ വീടിന്റെ മുൻ വാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രദേശത്ത് തെരച്ചിൽ നടത്തിയപ്പോഴാണ് ഇരുളിൽ പതിയിരുന്ന ബാബുവിനെ കണ്ടെത്തിയത്.
മംഗലപുരം പൊലീസെത്തി ബാബുവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് തീവെട്ടി ബാബു ആണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലം പൂതക്കുളം സ്വദേശിയായ ബാബുവിന് കേരളത്തിലെ എല്ലാ ജില്ലകളിലും മോഷണത്തിന് കേസുകളുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ പരിയാരം മെഡി. കോളജ് ആശുപത്രിയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽനിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങി വീണ്ടും മോഷണം ആരംഭിച്ചു.
മുമ്പ് വക്കീൽ ഗുമസ്തനായിരുന്നതിനാൽ കേസുകൾ എല്ലാം സ്വയം വാദിക്കുന്നതാണ് രീതി. ജാമ്യത്തിലിറങ്ങിയാൽ മറ്റൊരു ജില്ലയിൽ പോയി കുറച്ചുകാലം അവിടെത്തങ്ങി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് മംഗലപുരം പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.