ആറ്റുകാൽ പൊങ്കാലക്കായി ഉപയോഗിച്ച ഇഷ്ടിക കോർപറേഷൻ തൊഴിലാളികൾ
ശേഖരിക്കുന്നു
തിരുവനന്തപുരം: നഗരവും പരിസരവും വൃത്തിയാക്കി കോർപറേഷൻ ജീവനക്കാർക്കൊപ്പം ഹരിതകർമ സേനയും. പൊങ്കാല നിവേദ്യം കഴിഞ്ഞ് ഉച്ചക്ക് 2.30ഓടെയാണ് നഗരത്തിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചത്. 1200 സ്ഥിരം തൊഴിലാളികളും 1400 താൽക്കാലിക ജീവനക്കാരും വളണ്ടിയർമാരും ഉൾപ്പെടെ 3,470 പേർ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ സജീവമായതോടെ രാത്രിയോടെ നഗരം പൂർണമായി പഴയ പ്രഭയിലേക്ക് തിരിച്ചെത്തി.
പൊങ്കാല അടുപ്പുകൾക്കായി ഭക്തർ ഉപയോഗിച്ച ഇഷ്ടിക നഗരസഭ നേരിട്ട് ശേഖരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവ മുൻ വർഷങ്ങളിലെ പോലെ നിർധന കുടുംബങ്ങളുടെ വീട് നിർമാണത്തിനായി നൽകാനാണ് തീരുമാനം. ചുടുകട്ടകൾ ശേഖരിക്കാനായി മാത്രം 350 വാഹനങ്ങളാണ് സജ്ജീകരിച്ചത്. 130 ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ രാത്രിയോടെ 35 ടാങ്കർ ലോറി ഉപയോഗിച്ച് പ്രധാന റോഡുകൾ കഴുകി വൃത്തിയാക്കി. ഏകദേശം 400 ടണ്ണോളം മാലിന്യമാണ് നഗരത്തിൽ നിന്ന് നീക്കം ചെയ്തത്. 2018 മുതൽ കോർപറേഷൻ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കഴിഞ്ഞ വർഷം വരെ 17 വീടുകളുടെ നിർമാണത്തിന് ഇഷ്ടിക നൽകിയിരുന്നു. ഇത്തവണ മൂന്ന് ലക്ഷത്തോളം ഇഷ്ടിക ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവന പദ്ധതികളിൽ അപേക്ഷിച്ച അർഹരായ ഗുണഭോക്താക്കൾക്കായിരിക്കും ഇവ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.