അറസ്റ്റിലായ പ്രതി
വഞ്ചിയൂര്‍: 108 ഗ്രാം എം.ഡി.എം.എയുമായി വഞ്ചിയൂരിന് സമീപം യുവാവ് പിടിയിലായ സംഭവത്തില്‍ നൈജീരിയന്‍ സ്വദേശിയെ ബംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശി ഡുമോ ലയോനെല് (38) ആണ് പിടിയിലായത്. ജൂണ്‍ 19 ന് വഞ്ചിയൂരിന് സമീപത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് സില്‍വസ്റ്റര്‍ എന്നയാളെ എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തത്. സില്‍വസ്റ്റര്‍ ബംഗളൂരുവില്‍ നിന്നും ഇലക്ട്രോണിക്സ് ഡിവൈഡറില്‍ ഒളിപ്പിച്ച നിലയില്‍ ട്രെയിന്‍ മാര്‍ഗമാണ് എം.ഡി.എം.എ വഞ്ചിയൂരില്‍ എത്തിച്ചത്.
ചോദ്യം ചെയ്യലിൽ രണ്ടാം പ്രതിയായ ശ്രീകാന്ത് എന്നയാൾ തിരുവനന്തപുരത്ത് എത്തിക്കാന്‍ എല്പ്പിച്ചതാണെന്ന് തെളിഞ്ഞു. ശ്രീകാന്തിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയില്‍ സ്വദേശിയില്‍ നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ബംഗളൂരുവിലെ ബാബ്രപ്പ ലേഔട്ട് എന്ന സ്ഥലത്തുവെച്ച് ഡുമോ ലയോനെലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ വിദേശത്ത് നിന്നും ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് എത്തിച്ച് കച്ചവടം നടത്തുന്നവരില്‍ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.
ശംഖുംമുഖം എ.സി.പി അനുരൂപിന്റെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ എസ്.എച്ച്.ഒ ഷാനിഫ് എച്ച്.എസ്, സിറ്റി ഡാന്‍സാഫ് എസ്.ഐ അജേഷ്കുമാര്, ജി.എസ്.ഐ സാബു, എസ്.സി.പി.ഒ മാരായ ഷാജി, നസിമുദ്ദീന്, രഞ്ജിത്ത്, സി.പി.ഒമാരായ ഷിബി ടി. നായര്‍, വരുണ്‍ഘോഷ് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.