1. സ്റ്റോപ് മെമ്മോ 2. കഴക്കൂട്ടം ചന്തവിളയിൽ ഒരേക്കറോളം വരുന്ന വയൽ മണ്ണിട്ട് നികത്തിയ നിലയിൽ
തിരുവനന്തപുരം: സ്റ്റോപ് മെമ്മോക്ക് പുല്ലുവില; കഴക്കൂട്ടം വെട്ടുറോഡിലെ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട ഒരേക്കർ വരുന്ന വയൽഭൂമി വീണ്ടും നികത്തുന്നു. രാത്രികാലങ്ങളിൽ മണ്ണടിക്കാൻ പൊലീസ് ഒത്താശ ചെയ്യുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങൾക്കു മുമ്പേ ആരംഭിച്ചതാണ് വയൽഭൂമി നികത്താനുള്ള നീക്കങ്ങൾ.
കൃഷി ആവശ്യത്തിനെന്ന് കാട്ടി നിയമവിരുദ്ധമായി തെറ്റിയാറിന് കുറുകെ കഴക്കൂട്ടം പോത്തൻകോട് റോഡിൽ സ്ഥലം ഉടമ നിർമിച്ച പാലം ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ ഉൾപ്പെടെയിട്ട് ആദ്യം വയൽ നികത്തൽ ആരംഭിച്ചത്. പരാതി വന്നതോടെ താൽക്കാലികമായി നികത്തൽ നിർത്തി വെച്ചിരുന്നു.
ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട നിലമാണെന്ന് കൃഷി വകുപ്പ് കണ്ടെത്തിയ സ്ഥലം നികത്തുന്നതിനെതിരെ സ്ഥലവാസികൾ പരാതിപ്പെട്ടിരുന്നു. ഇതോടെ കഴക്കൂട്ടം വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകി. ഇതിന് പുല്ലുവില നൽകിയാണ് നികത്തൽ നടക്കുന്നത്. രാത്രിയിൽ വലിയ ലോറികളിലെത്തി മണ്ണടിക്കാൻ പൊലീസ് ഒത്താശ ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവം ചൂണ്ടിക്കാട്ടി കഴക്കൂട്ടം സൈബർ സിറ്റി അസി. കമീഷണർക്കടക്കം റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല.
വയൽഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെടാത്തതാണ് നികത്തലിന് പഴുത് ഒരുക്കുന്നത്. ഡേറ്റ ബാങ്കിൽ ഉൾപ്പെടുത്താൻ കലക്ടറോടും നഗരസഭയോടും ആവശ്യപ്പെട്ടിട്ടും നടപടികൾ ഇഴഞ്ഞുനീളുകയാണ്. ഇതിനു പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇപ്പോൾ പരിസ്ഥിതി പ്രവർത്തകർ വയൽ നികത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. ഇനിയും ഇവിടെ നികത്തൽ തുടർന്നാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.