പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിടികൂടുന്ന പാമ്പുകളെ വനം വകുപ്പിന് കൈമാറാതെ അലക്ഷ്യമായി തുറന്നുവിടുന്നത് പാമ്പുശല്യം ഇരട്ടിയാകാൻ കാരണമാകുന്നതായി സൂചന. ക്യാച്ചർമാരിൽ പലരും പിടികൂടുന്നവയെ വനംവകുപ്പിന് കൈമാറാതെ രാത്രി പറമ്പിലും പാതയോരങ്ങളിലും തുറന്നുവിടുന്നുവെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച പരാതികൾ വനംവകുപ്പിന്റെ മുമ്പിലെത്തിയെങ്കിലും നിരീക്ഷിക്കാൻ സംവിധാനമില്ല.
ഇത്തരം ക്യാച്ചർമാരെ നിരീക്ഷിക്കാനും പാമ്പുപിടിത്തം കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയവുമാക്കാനുള്ള നടപടികൾ വനംവകുപ്പ് ആലോചിക്കുന്നുണ്ട്. വനം ജീവനക്കാർ ഉൾപ്പെടെ ലൈസൻസോടെ സംസ്ഥാനത്ത് ഏകദേശം 3500 ഓളം സ്നേക്ക് ക്യാച്ചർമാരാണ് പ്രവർത്തിക്കുന്നത്. വനംവകുപ്പിന്റെ ‘സർപ’ ആപിൽ വരുന്ന സന്ദേശങ്ങൾക്കും കോളുകൾക്കും അനുസരിച്ച് സ്വന്തംനിലക്ക് എത്തി പാമ്പിനെ പിടികൂടാറാണ് പതിവ്. ഇങ്ങനെ പിടികൂടുന്ന പാമ്പുകളെ വനംവകുപ്പിന് കൈമാറണമെന്നാണ് വ്യവസ്ഥ. എന്നാൽ ചുരുക്കം ചിലർ മാത്രമാണ് ഇങ്ങനെ കൈമാറുന്നത്. ‘സർപ’ പരിശോധിച്ചാൽ തന്നെ ഇത് വ്യക്തമാകും. 25 പാമ്പുകളെ ഒരു ദിവസം പിടികൂടിയാൽ അതിൽ അഞ്ചോ ആറോ എണ്ണം മാത്രമാണ് വനംവകുപ്പിനെ ഏൽപിക്കുന്നത്. മറ്റുള്ളവയെ ഇവർ തോന്നുംപോലെ തുറന്നുവിടുകയാണെന്നാണ് ആക്ഷേപം. നീർക്കോലി പോലെ വിഷമില്ലാത്തവയെ തുറന്നുവിടാൻ വനംവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. മറ്റെല്ലാം സുരക്ഷിതമായി എത്തിക്കണമെന്നാണ് ലൈസൻസ് നൽകുമ്പോൾ നൽകുന്ന കർശന നിർദേശം.
ഒരു പ്രദേശം മുഴുവൻ പാമ്പുകളെ കൊണ്ടുനിറയാൻ ഇത്തരത്തിൽ തുറന്നുവിടുന്ന ഒറ്റ പാമ്പ് മതിയാകും. ഇവയുടെ വംശവർധനവാണ് ഇപ്പോൾ കാണുന്ന പ്രതിഭാസമെന്ന വാദവും ശക്തമാണ്. എന്നാൽ ക്യാച്ചർമാരിൽ ചിലർ പറയുന്നത് തങ്ങൾ സ്വന്തം നിലക്ക് കാട്ടിൽ കൊണ്ടുപോയി തുറന്നുവിടുന്നു എന്നാണ്. അങ്ങനെ ചെയ്യാൻ വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണം. ഇത്തരം അനുമതി വനംവകുപ്പ് നൽകിയിട്ടുമില്ല.
പാമ്പുകളെ പിടികൂടുന്നത് മുതൽ തുറന്നുവിടുന്നതുവരെ കൃത്യമായി നിരീക്ഷിക്കാൻ സംവിധാനം ആലോചനയിൽ. ‘ജിയോ ടാഗിങ് അല്ലെങ്കിൽ ജിയോ മാപിങ്’ സംവിധാനം ഏർപ്പെടുത്തി നിരീക്ഷിക്കാനാണ് ആലോചന. എല്ലാം സർപ ആപുമായി സംയോജിപ്പിക്കും. ക്യാച്ചറുടെ വിവരങ്ങൾ, പിടികൂടുന്ന സ്ഥലം, വനംവകുപ്പിന് കൈമാറുന്ന വിവരങ്ങൾ, തുറന്നുവിടുന്ന പ്രദേശത്തിന്റെ വിവരങ്ങൾ എന്നിവ കോർത്തിണക്കി കൂടുതൽ ശാസ്ത്രീയമാക്കുന്നതാണ് പരിഗണനയിൽ.
പാമ്പുപിടിത്തത്തിന്റെ മറവിൽ ചിലർ വൻ തുക വാങ്ങുന്നുണ്ടെന്ന വിവരവും വനംവകുപ്പിന് ലഭിച്ചു. ഫോൺ കോളുകൾ വരുമ്പോൾ തന്നെ തുക പറയുന്നവരും ക്യാച്ചർമാരിലുണ്ട്. 3000 മുതൽ 5000 രൂപ വരെ ചിലർ വാങ്ങുന്നുണ്ടത്രെ. കൂടാതെ വനം- പൊലീസ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് സ്നേക്ക് ക്യച്ചിങ് ലൈസൻസ് റദ്ദായവരും പാമ്പുപിടുത്തം തുടരുന്നുണ്ടെന്ന പരാതികളും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.