അപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് നാട്ടുകാർ സ്വകാര്യ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കുന്നു
ആറ്റിങ്ങൽ: ബുധനാഴ്ച വൈകുന്നേരം ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശിയായ പത്ത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയെ ആദ്യം എത്തിച്ച ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി ആക്ഷേപം. നാട്ടുകാർ ആശുപത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. അപകടം സംഭവിച്ചയുടൻ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം സംഭവിച്ച് പതിനഞ്ചോളം മിനിറ്റ് കഴിഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
നിലയ്ക്കാമുക്ക് ചന്തമുക്കിലെ ഓട്ടോ സ്റ്റാൻഡിന് മുന്നിലായാണ് അപകടം സംഭവിച്ചത്. എന്നാൽ ഇവിടെ ആ സമയം ഉണ്ടായിരുന്ന ഒരു വാഹനവും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല. പൊലീസോ ആംബുലൻസോ എത്തി കുട്ടിയെ കൊണ്ടുപോകട്ടെ എന്ന നിലപാടിൽ ഇവർ നിന്നതായാണ് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. നിലയ്ക്കാമുക്ക് ജങ്ഷനിൽ നിന്ന് ആംബുലൻസ് വിളിച്ചെങ്കിലും ഡ്രൈവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ആറ്റിങ്ങൽ ഭാഗത്ത് നിന്ന് മടങ്ങുകയായിരുന്ന അഞ്ചുതെങ്ങ് ജങ്ഷനിലെ ഓട്ടോറിക്ഷയാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയാറായത്.
നിലയ്ക്കാമുക്കിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ ഡോക്ടറും ഹെഡ് നഴ്സും അവധിയിലാണെന്നും വേറെ ഏതെങ്കിലും ആശുപത്രിയെ ആശ്രയിക്കണം എന്നുമുള്ള മറുപടിയാണ് ഇവർക്ക് ലഭിച്ചത്.
തുടർന്നാണ് ഇവർ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയങ്ങളിൽ കുട്ടി കരയുന്നുണ്ടായിരുന്നു. താലൂക്ക് ആശുപത്രിയിലേക്ക് പോകവേ തെക്കുംഭാഗം കഴിഞ്ഞതോടെ സ്ഥിതി വഷളാകുകയും കുട്ടി അബോധാബസ്ഥയിലായി പിന്നീട് മരിക്കുകയും ആയിരുന്നു.
അപകടത്തിൽ പരിക്കേറ്റ് എത്തിയ കുട്ടിക്ക് ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ചാണ് ആശുപത്രിയിലേക്ക് നാട്ടുകാർ ഇരച്ചുകയറിയത്. ഇത് സംഘർഷ സാഹചര്യം സൃഷ്ടിച്ചു. തുടർന്ന് കടയ്ക്കാവൂർ പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരെ സമാധാനിപ്പിച്ച് തിരിച്ചയക്കുകയുമായിരുന്നു. ആശുപത്രിക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകി.
ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടപടികൾക്കുള്ള സ്റ്റാഫ് ഇല്ലെന്ന് പറഞ്ഞാണ് മൃതദേഹം മെഡിക്കൽ കോളജിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.