പോത്തൻകോട്: ചന്തവിളയിൽ അർദ്ധരാത്രി വീടും കടയും തകർത്തശേഷം വയോധികയെ ക്രൂരമായി ആക്രമിച്ചു. ചന്തവിള കുറട്ടൂർ ശ്രീധർമശാസ്താ ക്ഷേത്രത്തിന് സമീപം ലീലക്കുനേരെയാണ് (62) ആക്രമണമുണ്ടായത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ലീലയെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അക്രമികൾ ശരീരമാസകലം കമ്പി വടികൊണ്ട് മർദിക്കുകയായിരുന്നു.
ലീലയുടെ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റു. മകൻ മരിച്ചശേഷം ഒറ്റക്ക് താമസിക്കുകയായിരുന്ന ലീല വീട്ടിനു മുന്നിൽ പച്ചക്കറി വിറ്റാണ് ജീവിക്കുന്നത്. ഈ കടയും അക്രമികൾ തകർത്തു. പച്ചക്കറികളും മറ്റും മറ്റൊരു പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു.
ചൊവ്വാഴ്ച രാത്രി ഒന്നോടെയാണ് അക്രമം നടന്നതെന്ന് ലീല പറയുന്നു. പുലർച്ച അഞ്ചോടെ ലീല വീട്ടിൽനിന്ന് ഇഴഞ്ഞ് വഴിയിലെത്തി കിടക്കുകയായിരുന്നു. അങ്ങനെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി. കൗൺസിലറുടെ നേതൃത്വത്തിൽ 108 ആംബുലൻസ് വിളിച്ച് ലീലയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരും അയൽവാസികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. അയൽവാസിയായ സ്ത്രീയെ ചൊവ്വാഴ്ച ലീല മർദിച്ചത്രെ. ഇതിന് പോത്തൻകോട് പൊലീസ് കേസെടുത്തിരുന്നു. അക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.