കേരള-തമിഴ്നാട് അതിർത്തിയിലുള്ള നിര്‍മല്‍കൃഷ്ണ ചിട്ടിഫണ്ട്
പാറശ്ശാല: നിര്‍മല്‍കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം നടപ്പാകാത്ത നിലയില്‍ നിക്ഷേപത്തുക തിരികെ കിട്ടുമെന്ന പ്രതീക്ഷ കൈവിടുകയാണ് അതിര്‍ത്തി പ്രദേശത്തെ നിക്ഷേപകര്‍. തമിഴ്‌നാട് സാമ്പത്തിക തട്ടിപ്പ് കുറ്റാന്വേഷണ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്ര പ്രകാരമാണ് വിചാരണ നടന്നുവരുന്നത്. ആയിരക്കണക്കിന് നിക്ഷേപകരാണ് കേസില്‍ കക്ഷി ചേര്‍ന്നിട്ടുള്ളത്.
മുന്നൂറ് കോടിയോളം രൂപയുടെ ആസ്തി കേസില്‍ കണ്ടെത്തിയിട്ടുണ്ടെന്നും നിക്ഷേപകര്‍ക്ക് ഇത് ലഭ്യമാക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പ് നടന്നിട്ട് വര്‍ഷം ഒമ്പതായി. നിര്‍മല്‍ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസില്‍ മധുരയിലെ പ്രത്യേക കോടതിയില്‍ വിചാരണ നടപടികള്‍ തുടരുമ്പോഴും നിക്ഷേപകര്‍ക്ക് ആശ്വാസമേകുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ പളുകല്‍ മത്തംപാലയില്‍ അര നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മല്‍ കൃഷ്ണാ ചിട്ട് ഫണ്ട് 2017 സെപ്റ്റീബര്‍ 7 നാണ് അടച്ചുപൂട്ടിയത്. നിക്ഷേപകരില്‍ നിന്നായി സ്വീകരിച്ച 580 കോടിയോളം രൂപ തിരികെ നല്‍കാതെയാണ് സ്ഥാപനം അടച്ചു പൂട്ടിയത്. തുടര്‍ന്ന് ഉടമ നിര്‍മലന്‍ തിരുവനന്തപുരം ജില്ല കോടതിയില്‍ പാപ്പര്‍ ഹരജി നല്‍കുകയായിരുന്നു. 300 കോടി രൂപയോളം വായ്പയായി സ്ഥാപനം നല്‍കിയിട്ടുണ്ടെന്നും അഞ്ഞൂറ് കോടിയില്‍പരം രൂപയുടെ ആസ്തിയുണ്ടെന്നും കാട്ടിയായിരുന്നു ഹര്‍ജി.
ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെതന്നെ തമിഴ്നാട് സാമ്പത്തിക തട്ടിപ്പ് അന്വേഷണസംഘം കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം തുടങ്ങി. ജീവനക്കാരില്‍ ചിലരെ പോലീസ് പിടികൂടിയെങ്കിലും മുങ്ങിയ ഉടമയടക്കം മാസങ്ങള്‍ക്കു ശേഷമാണ് കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് അന്വേഷണ സംഘം മുന്നൂറ് കോടിയോളം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായിട്ടും കണ്ടുകെട്ടിയ വസ്തുക്കളില്‍ നല്ലൊരു ശതമാനം ലേലം ചെയ്തു വില്‍ക്കുവാന്‍ സാധിച്ചിട്ടില്ല. ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. സ്ഥാപന ഉടമ നിര്‍മ്മലന്‍, ഭാര്യ, സഹോദരിമാര്‍, മാനേജര്‍ ശേഖരന്‍, രവീന്ദ്രന്‍ മറ്റ് ഡയറക്ടര്‍മാരുള്‍പ്പെടെ 18 പ്രതികളാണുള്ളത്. വിചാരണയും അന്വേഷണങ്ങളും തുടരുമ്പോഴും ആശങ്കയിലാണ് ദുരിതത്തിലായ നിക്ഷേപകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.