മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ്
ശാസ്താംകോട്ട : മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാല നിർമാണത്തിനുള്ള വസ്തു ഏറ്റെടുക്കൽ നടപടികൾ അന്തിമ ഘട്ടത്തിൽ എത്തിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അവശേഷിക്കുന്ന നടപടികൾ പൂർത്തിയാക്കി താമസിയാതെ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും തുടർന്ന് പൈൽ ടെസ്റ്റ് ഉൾപ്പെടെയുള്ള നിർമാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ നിർവഹണ ചുമതല സംസ്ഥാന സർക്കാർ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരളക്കാണ്. സംസ്ഥാന സർക്കാരും ഇന്ത്യൻ റെയിൽവേയും 50:50 അനുപാതത്തിൽ ചെലവ് വഹിച്ചാണ് 49.94 കോടി രൂപയുടെ മൈനാഗപ്പള്ളി റെയിൽവെ മേൽപ്പാലം യാഥാർഥ്യമാക്കുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ നേരത്തേ കിഫ്ബി അംഗീകരിച്ചിരുന്നു.
പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിന്റെ ഫലമായി ദക്ഷിണ റെയിൽവേ ചീഫ് ബ്രിഡ്ജസ് എൻജിനീയർ പുതുക്കിയ ഗാഡിന് അംഗീകാരം നൽകുകയും പദ്ധതിയുടെ തുടർനടപടികൾക്ക് വഴി തെളിയുകയും ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് കെട്ടിടങ്ങൾ ഭാഗികമായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങളാണ് നിലവിൽ അവശേഷിക്കുന്നത്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനായി കുന്നത്തൂർ എം.എൽ.എ, ദക്ഷിണ റെയിൽവേ,റ വന്യൂ വകുപ്പ്, ആർ.ബി.ഡി.സി.കെ. ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന പ്രത്യേക ഏകോപന യോഗം താമസിയാതെ വിളിച്ചുചേർക്കുമെന്നും എം.പി. അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.