വാമനപുരം നദി പുനരുജ്ജീവന പദ്ധതി അനിശ്ചിതത്വത്തില്‍

വെഞ്ഞാറമൂട്: വാമനപുരം നദി പുനരുജ്ജീവന പദ്ധതി അനിശ്ചിതത്വത്തില്‍. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആസൂത്രണംചെയ്ത പദ്ധതികളെകുറിച്ച് പുനാരാലോചന വേണ്ടിവരുമെന്ന യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനമാണ് പദ്ധതിയുടെ മുന്നോട്ട്പോക്കിൽ ആശങ്കയുണ്ടാക്കുന്നത്.

ജില്ലയിലെ വലിയ ശുദ്ധജല സ്രോതസ്സാണ് വാമനപുരം നദി. മഴ, നീര്‍ച്ചാലുകള്‍, ഭൂഗര്‍ഭ ജലം എന്നിവയാണ് നദിയുടെ ജലത്തിന്റെ ഉറവിടം. നദിയുടെ വൃഷ്ടിപ്രദേശത്ത് വരുന്ന കുളങ്ങള്‍, ചതുപ്പ് നിലങ്ങള്‍ എന്നിവ നികത്തപ്പെട്ടതിലൂടെ ഭുഗര്‍ഭ ജലവിതാനം തകര്‍ന്നു. കൃഷിയിലുണ്ടായ മാറ്റങ്ങളും നദിയിലെ ജലനിരപ്പിനെ ബാധിച്ചു.

മഴക്കാലത്ത് തീരം കവിഞ്ഞൊഴുകുന്ന നദി വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുമ്പ് ജലനിരപ്പ് കുത്തനെ താഴ്ന്ന് പൊതു ജലവിതരണം തകരുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് പുനരുജ്ജീവിപ്പിക്കുന്നതിനെകുറിച്ച് സാധ്യത പഠനം നടത്തിയത്. മേജര്‍ ഇറിഗേഷന്‍ വകുപ്പ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, നാട്പാക്, സോയില്‍ കണ്‍സെര്‍വേഷന്‍ വകുപ്പ്, ദേശീയ തോഴിലുറപ്പ് പദ്ധതി ആസൂത്രണ വകുപ്പ്, പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്, ഭൂഗര്‍ഭ ജലവകുപ്പ്, എനര്‍ജി മാനേജ്മെന്റ് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

നദീ പുനരുജ്ജീവനത്തെ കുറിച്ച് മാത്രമല്ല അനുബന്ധമായി നടത്താന്‍ കഴിയുന്ന മറ്റ് ചില പദ്ധതികള്‍ കൂടി ഉൾപ്പെടുത്തി വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 25.50 കോടി രൂപ ചെലവില്‍ ആറ് ചെക്ക് ഡാം, 4.78 കോടി രൂപ ചെലവില്‍ 15 സ്ഥലങ്ങളിലെ മണ്ണ് നീക്കം ചെയ്യൽ, 23 കോടി രൂപ ചെലവില്‍ 39 സ്ഥലങ്ങളില്‍ നദിയുടെ വശങ്ങള്‍ ബലപ്പെടുത്തൽ, 12.55 കോടിക്ക് 50 കുളികടവുകള്‍ വികസിപ്പിക്കൽ എന്നിവയാണ് പരാമര്‍ശിച്ചത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 57.28 കോടിക്ക് 247 തോട് നവീകരണം, 21.58 കോടിക്ക് 120 കുളങ്ങളുടെ നവീകരണം, 3.70 കോടിക്ക് 31 തടയണ പുനരുദ്ധരിക്കൽ, 4.06 കോടിക്ക് 44 തടയണ നിർമിക്കൽ എന്നിവയാണ്. നാട്പാക് റിപ്പോർട്ടിൽ ആറ് കോടി ചെലവില്‍ ഏഴ് കടവ് നിർമാണം, 1.48 കോടിക്ക് നദിയിലെ മണ്ണ് നീക്കം ചെയ്യൽ, 23.79 കോടിക്ക് നടപ്പാത നിർമാണം, 25 കോടിക്ക് അഞ്ച് സ്ഥലങ്ങളില്‍ പാര്‍ക്കുകളും പാലങ്ങളും നിര്‍മിക്കൽ, 18.63 കോടിക്ക് കടവുകളുടെ വികസനം ഉൾപ്പടെ പദ്ധതികളുമാണ് മുന്നോട്ടുവെച്ചത്. സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റേത് 194 കോടിയുടെ മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങൾക്കുള്ള പദ്ധതി നിർദേശമാണ്.

2021ല്‍ ആണ് ആണ് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ‘നീര്‍ധാര’ എന്നായിരുന്നു പേരിട്ടത്. സാധ്യത പഠനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ആദ്യ ഘട്ടത്തില്‍ അനുവദിച്ച രണ്ട് കോടിരൂപ ചെലവഴിച്ച് കഴിഞ്ഞശേഷമാണ് പദ്ധതിയുടെ ഭാവിയെകുറിച്ച് ആശങ്ക ഉയര്‍ന്നിരിക്കുന്നത്.

Tags:    
News Summary - Vamanapuram River Revitalization Project in limbo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.