കല്ലമ്പലം ടൗണിലെ മാലിന്യക്കുളം
കല്ലമ്പലം: മാലിന്യം കൊണ്ട് ദുർഗന്ധം വമിച്ച് കല്ലമ്പലം. കല്ലമ്പലം പട്ടണത്തിന്റെ ഹൃദയഭാഗത്തെ സ്ഥിതിയാണിത്. ഹോട്ടലിൽ നിന്നുള്ള മലിനജലം ഉൾപ്പെടെയുള്ള മാലിന്യം ഒഴുകി പോകാൻ സാധിക്കാതെ ഇവിടെ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയും കൊതുകുകളുടെ ആവാസകേന്ദ്രമായി മാറുകയും ചെയ്തു.
മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ സംഗമ സ്ഥാനമായ കല്ലമ്പലത്ത് ഒറ്റൂർ ഗ്രാമപഞ്ചായത്ത് പരിധിയിലാണ് ഈ മലിനജല കെട്ട്. ഇവിടത്തെ ഓടകൾ അടഞ്ഞു വെള്ളക്കെട്ട് രൂപപ്പെട്ടതാണ് ഈ ദുരവസ്ഥക്ക് കാരണം.
ഇപ്പോൾ ഇവിടെ മലിനജലവും പ്ലാസ്റ്റിക് മാലിന്യവും ഉൾപ്പെടെ കെട്ടിക്കിടന്ന് വഴിയാത്രക്കാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണ്. ഇതിന് സമീപത്തായി സർവീസ് നടത്തിവരുന്ന ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്കും കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്കുമൊക്കെ പകർച്ചവ്യാധികൾ പിടിപെടുമെന്ന ആശങ്കയും നിലനിൽക്കുകയാണ്. മൂക്കുപൊത്തി മാത്രമേ ഇതുവഴി നടക്കാനാകൂ.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തികളെക്കുറിച്ചും കൊതുക് വളരാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനെക്കുറിച്ചുമൊക്കെ പൊതുജനങ്ങൾക്ക് നിരന്തരം ഉപദേശം നൽകുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന തദ്ദേശ സ്ഥാപനാധികൃതർക്ക് ഈ മലിനജലക്കെട്ടിന് പരിഹാരം കാണാൻ സാധിക്കുന്നില്ല എന്നതാണ് വിരോധാഭാസം. പലവിധ പകർച്ചവ്യാധികളിലും മാരക രോഗങ്ങളിലും പൊതുസമൂഹം ഏറെ ഭീഷണി നേരിടുന്ന കാലത്താണ് ദീർഘവീക്ഷണം ഇല്ലായ്മയുടെയും അശാസ്ത്രീയ നിർമാണ പ്രവർത്തികളുടെയും ഫലമായി ഇത്തരത്തിൽ മലിനജലം നിറഞ്ഞ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത്.
ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ദുരന്തഫലങ്ങളിൽ ഒന്നാണ് ഇതും. റോഡ് നിർമ്മാണം എങ്ങുമെത്താതെ ഇഴയുകയാണ്. ഓടകളെല്ലാം പൊളിച്ചിട്ടു പലഭാഗത്തും കുഴികൾ സൃഷ്ടിച്ചു ഈ കുഴികളിൽ മലിനജലം കെട്ടി നിൽക്കുന്നു.
കല്ലമ്പലത്തിൽ മൂടപ്പെട്ട് പോയ ഓടകൾ പുനഃസ്ഥാപിക്കണമെങ്കിൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ. ദേശീയപാത അതോറിറ്റിയും തദ്ദേശസ്ഥാപനങ്ങളും പരസ്പരം പഴിചാരുന്നതു മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.