കാട്ടുപന്നി ശല്യം; ഷൂട്ടർമാരെ എംപാനൽ ചെയ്യുന്നതിൽ വനംവകുപ്പിന് മെല്ലെപ്പോക്ക്

തിരുവനന്തപുരം: ജില്ലയിലെ മലയോര മേഖലകളിലും ഗ്രാമീണ പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാകുമ്പോഴും ഇവയെ വെടിവെച്ചുകൊല്ലാനുള്ള ഷൂട്ടർമാരെ എംപാനൽ ചെയ്യുന്നതിൽ വനംവകുപ്പ് കടുത്ത മെല്ലെപ്പോക്ക് തുടരുന്നതായി ആക്ഷേപം. വനം മന്ത്രിയുടെ ഓഫീസിന് ഉൾപ്പെടെ ഷൂട്ടർമാർ പരാതി നൽകിയിട്ടും പുതിയ ഷൂട്ടർമാരെ ഉൾപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുന്നില്ല എന്നാണ് ആക്ഷേപം. നിലവിൽ തോക്ക് ലൈസൻസ് ഉള്ളവരെയാണ് വനംവകുപ്പ് എംപാനൽഡ് ഷൂട്ടർമാരായി നിയോഗിക്കുന്നത്. ഇതിൽ സ്പോർട്സ്, സ്വയംരക്ഷ, കൃഷി സംരക്ഷണം തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ലൈസൻസ് നേടിയവർ ഉൾപ്പെടുന്നുണ്ട്.

വനംവകുപ്പ് തയ്യാറാക്കുന്ന ഈ പാനലിൽ നിന്നാണ് തദ്ദേശ സ്ഥാപനങ്ങൾ കാട്ടുപന്നി നിർമാർജനത്തിനായി പ്രാദേശികമായി ഷൂട്ടർമാരെ ചുമതലപ്പെടുത്തുന്നത്. പുതുതായി ലൈസൻസ് ലഭിച്ച നിരവധി ഷൂട്ടർമാർ എംപാനൽമെന്റിനായി അപേക്ഷ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പ് ഒരു തുടർനടപടിയും സ്വീകരിച്ചിട്ടില്ല. നിലവിൽ വനംവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സംസ്ഥാനത്താകെ 436 ഷൂട്ടർമാരാണുള്ളത്. എന്നാൽ ഇതിൽ വലിയൊരു വിഭാഗം ആളുകൾ ഇപ്പോൾ സജീവമല്ല എന്നതാണ് യാഥാർഥ്യം. പല തദ്ദേശ പരിധികളിലും എംപാനൽ ചെയ്യപ്പെട്ട ഷൂട്ടർമാരുടെ കൃത്യമായ വിവരങ്ങൾ വനംവകുപ്പിന്റെ പക്കലില്ല.

ജനവാസ മേഖലകളിൽ കാട്ടുപന്നികൾ ഇറങ്ങി അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ, പഞ്ചായത്തുകൾക്ക് ബന്ധപ്പെടാൻ വെബ്സൈറ്റിൽ കൃത്യമായ വിവരങ്ങളോ ഫോൺ നമ്പറുകളോ ലഭ്യമല്ലാത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ ഷൂട്ടർമാരെ പാനലിൽ ഉൾപ്പെടുത്തി നടപടികൾ വേഗത്തിലാക്കുമെന്നും വനം മന്ത്രി മുൻപ് നിയമസഭയിലടക്കം ഉറപ്പ് നൽകിയിരുന്നതാണ്.

കാട്ടുപന്നി ആക്രമണത്തിൽ കൃഷിനാശത്തിന് പുറമെ മനുഷ്യജീവനുകൾ വരെ അപകടത്തിലാകുന്ന സാഹചര്യത്തിൽ, പുതിയ ഷൂട്ടർമാരെ അടിയന്തരമായി എംപാനൽ ചെയ്യാൻ വനംവകുപ്പ് തയ്യാറാകണമെന്നാണ് കർഷകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ആവശ്യം.

Tags:    
News Summary - Wild boar nuisance; Forest Department slow in empaneling shooters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.