കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പതിച്ച നോട്ടിസ്, പ്ലാനറ്റോറിയത്തിലെ കൈമാറ്റം നടക്കുന്ന കെട്ടിടം
തിരുവനന്തപുരം: പ്ലാനറ്റോറിയത്തെ വെട്ടിമുറിക്കാനുള്ള അണിയറ നീക്കത്തിനെതിരെ വിയോജിപ്പും പ്രതിഷേധങ്ങളും കത്തുന്നതിനിടെ കെട്ടിടത്തിലേക്കുള്ള പ്രവേശനത്തിന് നിരോധനമേർപ്പെടുത്തി ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഏകപക്ഷീയ നോട്ടീസ്. ‘‘കെട്ടിടം ജൂലൈ 16 മുതൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഏറ്റെടുത്തതാണെന്നും കൗൺസിൽ ചുമതലപ്പെടുത്തിയ വ്യക്തികൾക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നുവെന്നു’’മാണ് നോട്ടീസിലുള്ളത്.
പ്ലാനറ്റോറിയത്തിന് ലഭിച്ച രണ്ട് കോടിയുടെ പ്ലാൻ ഫണ്ട് ചെലവഴിച്ച് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനിടെയാണ് പൊലീസ് അകമ്പടിയിലെത്തി നാടകീയമായി നോട്ടീസ് പതിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ലെറ്റർ പാഡിലാണ് നോട്ടീസ്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവുണ്ടെന്ന് നോട്ടീസിൽ പറയുന്നുണ്ടെങ്കിലും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല.
മരാമത്ത് വകുപ്പിന് അറ്റകുറ്റപ്പണികൾക്കായി കരാർ നൽകിയത് പ്ലാനറ്റോറിയമാണ്. ചട്ടപ്രകാരം ജോലികൾ പൂർത്തിയായാൽ മരാമത്ത് വകുപ്പ് കെട്ടിടം തിരികെ കൈമാറണം. ഇത്തരം വ്യവസ്ഥാപിത നടപടിക്രമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും മുൻപേയാണ് കെട്ടിടത്തിലേക്ക് പ്രവേശനം വിലക്കിയുള്ള കൗൺസിലിന്റെ നോട്ടീസ്. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഒരു സർക്കാർ സ്ഥാപനത്തിന്റെ കെട്ടിടമോ വസ്തുവകകളോ സർക്കാർ നിർദേശപ്രകാരം മറ്റൊരു സർക്കാർ സ്ഥാപനത്തിന് കൈമാറാനും നിയതമായ രീതികളുണ്ട്.
ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ കാര്യത്തിൽ അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തന്നെ പ്ലാനറ്റോറിയമാണ് കൗൺസിലിന് കൈമാറേണ്ടത്. എന്നാൽ ഇവിടെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമുള്ള പ്ലാനറ്റോറിയത്തിന് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നാൽ, മറുഭാഗത്ത് കെട്ടിടം കിട്ടിയെന്ന് അവകാശപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നോട്ടീസിറക്കുകയും പ്രവേശനം നിയന്ത്രിക്കുകയും ചെയ്യുന്ന അസാധാരണ സാഹചര്യവുമാണ്. ഇതാണ് സംശയങ്ങളും ചോദ്യങ്ങളുമുയർത്തുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിനെ തെറ്റിധരിപ്പിച്ചാണ് കെട്ടിടം കൈവശപ്പെടുത്താനുള്ള നീക്കങ്ങൾ നടന്നതെന്നാണ് വിവരം. കെട്ടിടത്തിന്റെ നവീകരണം പുരോഗമിക്കുന്നുവെന്നതാണ് വസ്തുതയെന്നിരിക്കെ, കെട്ടിടത്തിന്റെ ജോലികൾ പൂർത്തിയായെന്നാണ് മന്ത്രിയുടെ ഓഫിസിനെ വിശ്വസിപ്പിച്ചത്. മൂന്ന് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാകുന്ന ഘട്ടത്തിൽ ത്രീഡി തിയറ്ററടക്കം ഗ്യാലറികൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഇത്തരം പ്രവർത്തനങ്ങളുടെ അടിവേരറുക്കും വിധം നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. നവീകരണത്തിന് മുമ്പ് ഈ കെട്ടിടത്തിൽ നാല് ശാസ്ത്ര ഗാലറികളാണ് പ്രവർത്തിച്ചിരുന്നത്. നിലവിൽ അവിടെയുണ്ടായിരുന്ന പ്രദർശന വസ്തുക്കളും സാമഗ്രികളും മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
പ്ലാനറ്റോറിയം കാമ്പസിലെ പൈതൃക കെട്ടിടം ഏറ്റെടുക്കാനുള്ള കൗൺസിൽ നീക്കത്തിനെതിരെ വിയോജിപ്പും പ്രതിഷേധങ്ങളും ശക്തം. പ്ലാനറ്റോറിയത്തെ കീറിമുറിക്കാനുള്ള നീക്കത്തിനെതിരെ ശാസ്ത്രജ്ഞർ, അധ്യാപകർ, ജ്യോതിശാസ്ത്ര പ്രേമികൾ, ശാസ്ത്ര പ്രവർത്തകർ എന്നിവർ രംഗത്തെത്തി. ബ്രേക് ത്രൂ സയൻസ് സൊസൈറ്റിയുടെ തിരുവനന്തപുരം ഘടകം മുഖ്യമന്ത്രി വി.ഡി. സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനും നിവേദനം നൽകി. ശാസ്ത്ര പ്രവർത്തനത്തിനും പൊതുജന ഇടപെടലിനും മാത്രമായി സ്ഥലം പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. കെട്ടിട കൈമാറ്റത്തിനെതിരെ രാഷ്ട്രീയമായ എതിർസ്വരങ്ങളുമുണ്ട്.
മറ്റ് സ്ഥലങ്ങൾ ലഭ്യമാണെന്നിരിക്കെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനായി ഒരു പൊതു ശാസ്ത്ര സൗകര്യം എന്തിനാണ് ബലികഴിക്കുന്നതെന്നാണ് വിമർശനം. കാര്യവട്ടത്തെ കേരള സർവകലാശാല കാമ്പസിനുള്ളിലെ സ്ഥലസൗകര്യങ്ങൾ ഉൾപ്പെടെ നിരവധി ബദലുകൾ കൗൺസിലിന് മുന്നിലുണ്ടായിരിക്കെ 8000 സ്ക്വയർ ഫീറ്റ് വരുന്ന പൈതൃക കെട്ടിടത്തിനായി എന്തിനാണ് കൗൺസിൽ കടുംപിടുത്തം തുടരുന്നതെന്നതാണ് പ്രധാന ചോദ്യം. ശാസ്ത്ര സാങ്കേതിക മ്യൂസിയം കാമ്പസിലെ സുപ്രധാനവും പൗരാണിക മൂല്യമുള്ളതും പ്ലാനറ്റോറിയത്തിന്റെ അടയാളവുമാണ് ഈ കെട്ടിടമെന്നതിനാൽ വിശേഷിച്ചും.
സ്ഥലപരിമിതിയെ തുടർന്ന് ശ്വാസം മുട്ടുന്ന പ്ലാനെറ്റോറിയത്തിന്റെ 48.8 സെന്റ് ഭൂമി 2023-ലെ സർക്കാർ തീരുമാനപ്രകാരം ഉന്നത വിദ്യാഭ്യാസ കൗൺസിലിന് സ്ഥിരാവകാശ പാട്ടമായി കൈമാറിയതിന് പിന്നാലെയോണ് ഇപ്പോഴത്തെ കെട്ടിടമേറ്റെടുക്കൽ.
നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം നിഷ്കർഷിക്കുന്നത് പ്രകാരം കാറ്റഗറി-ഒന്നിൽ ഉൾപ്പെടുന്ന ശാസ്ത്ര മ്യൂസിയങ്ങൾക്ക് ചുരുങ്ങിയത് ഏഴ് ഏക്കർ സ്ഥല വിസ്തൃതി വേണം. ഭൂമി കുറയ്ക്കുന്നതും പൈതൃക മ്യൂസിയം കെട്ടിടം കൂടി നഷ്ടപ്പെടുന്നതും സംസ്ഥാനത്തെ പ്രധാന ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഭാവി വികസനത്തെ ബാധിക്കും. 2023-ലെ വെട്ടിമുറിക്കലിന് ശേഷം 4.2 ഏക്കറായി ചുരുങ്ങിയ സാഹചര്യത്തിൽ കൂടിയാണ് പുതിയ കൈകടത്തൽ നീക്കത്തിനെതിരെ പ്രതിഷേധം കനത്തത്.
ജനങ്ങളിൽ ശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1984-ലാണ് പി.എം.ജിയിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥാപിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രിയദർശിനി എന്ന പേര് നൽകിയത്.
ജ്യോതിശാസ്ത്രത്തെ ജനകീയമാക്കുന്നതിൽ കേരളം കൈവരിച്ച വിപ്ലവകരമായ പുരോഗതിയുടെ അടയാളമാണ് പ്രിയദർശിനി പ്ലാനറ്റോറിയം. സ്ഥാപനം അതിന്റെ മുപ്പത് വർഷത്തെ ചരിത്രത്തിനിടയിൽ ദശലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് നവവിജ്ഞാനത്തിന്റെ ജാലകമാണ് തുറന്നുനൽകിയത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ മ്യൂസിയത്തിന്റെ ഒരുഭാഗം എം.എ. ബേബി ഉന്നതവിദ്യാഭ്യാസ മന്ത്രിയായ കാലത്താണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആരംഭിക്കാൻ താൽകാലികമായി വിട്ടുനൽകിയത്.
പിന്നീട് കഴിഞ്ഞ സർക്കാർ കാലത്ത് അരയേക്കറോളം വിട്ടുനൽകി. ഇതോടെയാണ് സ്ഥലസൗകര്യങ്ങൾ കുറഞ്ഞ് സ്ഥാപനം ഞെരുങ്ങാൻ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് കെട്ടിടക്കൈമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.