ഒരുമയുടെയും ഐക്യത്തിന്‍റെയും പാരമ്പര്യവുമായി കെ.റ്റി.ജി.എ കൈത്തറി വസ്ത്ര നിർമാണത്തിന് രാജഭരണകാലത്ത് നെയ്ത്തിൽ പ്രാഗല്ഭ്യമുണ്ടായിരുന്ന ഒരുവിഭാഗത്തെ താമസിപ്പിച്ച പ്രദേശമാണ് ബാലരാമപുരം ശാലിഗോത്രത്തെരുവ്. ചേല നെയ്യുന്നവർ എന്ന കുലത്തൊഴിലിൽനിന്നാണ് ചാലിയർ എന്ന ജാതിപ്പേര് രൂപപ്പെട്ടത്. ശാലിയരെന്നും ഇവർ അറിയപ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും വസ്ത്രം നെയ്തും അവ വിപണനം ചെയ്തുമാണ് പഴയകാലം മുതൽ ഉപജീവനം കണ്ടെത്തിയിരുന്നത്. സാധാരണ വസ്ത്രം മുതൽ വൻ വിലയുള്ള സിൽക്ക് /പട്ടുവസ്ത്രങ്ങൾവരെ നെയ്യുന്നവർ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു. പഴയകാലത്ത് രാജാക്കന്മാർക്ക് മാത്രമായി വസ്ത്രം നെയ്തിരുന്ന ആസ്ഥാന നെയ്ത്തുകാർ വരെയുണ്ടായിരുന്നതായി ചരിത്രത്തിൽ വായിക്കാം. നെയ്ത്ത് മാത്രമല്ല തുണിക്കച്ചടവും ഒരുകാലത്ത് ഇവരുടെ കുത്തകയായിരുന്നു. കൈത്തറി വസ്ത്ര നൂലുൽപാദത്തിനായി മൊറാർജിദേശായിയുടെ കാലത്ത് സ്പിന്നിങ് മിൽ ബാലരാമപുരത്ത് സ്ഥാപിച്ചിട്ടുണ്ട്. വസ്ത്ര നെയ്ത്തിനായി ഇന്നും പുലർച്ചയോടെ ജോലിക്ക് പോകുന്ന നൂറുകണക്കിന് പേരുടെ നാടാണ് നെയ്യാറ്റിൻകര താലൂക്ക്. പാവുണക്കും നൂൽചുറ്റലും തുണിനെയ്ത്തുമായി വലിയൊരു വിഭാഗം പണിയെടുക്കുന്നു. വസ്ത്രനിർമാണം പ്രധാന തൊഴിലാക്കിയ വിഭാഗത്തിന്‍റെ മികവ് തെളിയിച്ച പ്രദേശമാണ് നെയ്യാറ്റിൻകര. ഒരുമയുടെയുടെയും ഐക്യത്തിന്‍റെയും പാരമ്പര്യമാണ് നെയ്യാറ്റിൻകരയിലെ കെ.റ്റി.ജി.എ മേഖലയിലെ വ്യാപാരി സമൂഹത്തിന് പറയുവാനുള്ളത്. രാജഭരണകാലത്തോളം പാരമ്പര്യമുള്ള വസ്ത്ര നെയ്ത്തിന്‍റെ പാരമ്പര്യമുള്ള വലിയ കൂട്ടായ്മയാണ് ഇവിടത്തെ വസ്ത്ര വ്യാപാരികൾ. ജാതി-മത വ്യത്യാസമില്ലാതെ നെയ്യാറ്റിൻകര താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ളവർ ഈ മേഖലയിൽ പണിയെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.