1. മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ഐ.സി.യുവിൽ കിടക്കകള്‍ തുണികെട്ടി മറച്ചിരിക്കുന്നു 2. താല്‍ക്കാലിക ഐ.സി.യു
കെട്ടിടത്തില്‍ കിടക്കകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു
മെഡിക്കൽ കോളജ്: തീപിടിത്തമുണ്ടായിട്ട് ഒരുമാസം പിന്നിട്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഐ.സി.യു പ്രവര്‍ത്തനസജ്ജമായില്ല. തുണി കെട്ടിമറച്ചാണ് തൽക്കാലിക ഐ.സി.യുകൾ പ്രവർത്തിക്കുന്നത്. മാർച്ച് 17ന് രാവിലെ 9.30നായിരുന്നു സര്‍ജിക്കല്‍ ഐ.സി.യുവിൽ തീപിടിത്തമുണ്ടായത്. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിലെ അത്യാഹിത വിഭാഗത്തിലെ സര്‍ജറി ഐ.സി.യുവില്‍ വെന്റിലേറ്റര്‍ മെഷീനിൽനിന്നുണ്ടായ തീപിടിത്തത്തില്‍ ജീവനക്കാരും രോഗികളും പരിഭ്രാന്തരായി. ജീവനക്കാര്‍ രോഗികളെ കെട്ടിടത്തില്‍നിന്ന് മാറ്റി. രോഗികളുടെ കിടക്കകളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെയാണ് ഇവരെ മാറ്റിയത്.
സംവഭം നടന്നയുടന്‍ ചാക്ക, തിരുവനന്തപുരം നിലയങ്ങളില്‍നിന്ന് ഓരോ യൂനിറ്റ് അഗ്നിശമന സേനാംഗങ്ങളും മെഡിക്കല്‍ കോളജ് പോലീസും എത്തി തീ നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് രോഗികളെ ഗ്രൗണ്ട് േഫ്ലാറിലുളള ജിറിയാട്രിക്, 7, 8 വാര്‍ഡുകളിലേക്ക് മാറ്റി. സംഭവശേഷം വേണ്ടത്ര സമയം കിട്ടിയിട്ടും ഐ.സി.യു പൂർവസ്ഥിതിയിൽ പ്രവര്‍ത്തനസജ്ജമാക്കിയില്ല. 36 രോഗികളെയാണ് തീപിടിത്തമുണ്ടായപ്പോള്‍ സ്ഥലത്തുനിന്ന് മാറ്റിയത്.
ഇവരിൽ ചിലരുള്പ്പെടെയാണ് താല്‍ക്കാലിക ഐ.സി.യുവില്‍ കഴിഞ്ഞുവരുന്നത്. ചില രോഗികളുടെ ബന്ധുക്കൾ നിര്‍ബന്ധപൂർവം ഡിസ്ചാർജ് ചെയ്ത് മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയി. അഗ്നിബാധയുണ്ടായ വേളയില്‍ രോഗികളെ എത്രയും വേഗം ഐ.സി.യു പുനസ്ഥാപിച്ച് അവിടേക്ക് മാറ്റുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. താൽക്കാലിക ഐ.സി.യു കെട്ടിടത്തില്‍ കിടക്കകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ഇതിനു തങ്ങള്‍ ആരോടാണ് പരാതിപ്പെടേണ്ടതെന്നുമാണ് രോഗികളുടെ ബന്ധുക്കള്‍ ചോദിക്കുന്നത്.
2021 മേയില്‍ അന്നത്തെ ചീഫ് സെക്രട്ടറിയുടെ അഭ്യര്‍ത്ഥന പ്രകാരം സതേണ്‍ നേവല്‍ കമാന്‍ഡിലെ വിദഗ്ധ സംഘം സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഫയര്‍ ഓഡിറ്റ് നടത്തിയിരുന്നു. കൊച്ചിയിലെ ഐ.എന്‍.എസ് വെണ്ടുരുത്തിയിലെയും ഏഴിമല നാവിക അക്കാദമിയിലെയും ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഐ.സി.യുകളില്‍ ഓക്സിജന്‍ ലൈനുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനുള്ള സാധ്യത എടുത്തുപറഞ്ഞ സംഘം അതു നേരിടുന്നതിനുള്ള സജ്ജീകരണങ്ങളുടെ കുറവുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിർദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടതാണ് മെഡിക്കല്‍ കോളജിലെ അഗ്നിബാധയിലേക്ക് വഴിവെച്ചതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.