തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയെ തോൽപിക്കാൻ ബി.ജെ.പി നേതാവുമായി ചർച്ച നടത്തിയതുസംബന്ധിച്ച ഫോൺ സംഭാഷണം പുറത്തായതിനെത്തുടർന്ന് ജില്ല കൗൺസിൽ അംഗം വി.എസ്. സുലോചനനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ നേമം മണ്ഡലത്തിലെ സി.പി.ഐയിൽ പൊട്ടിത്തെറി. നേതൃത്വത്തോട് വിയോജിച്ച് പലരും പാർട്ടിവിടാനുള്ള നീക്കത്തിലാണ്.
മണ്ഡലം കമ്മിറ്റിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്ന് ആക്ഷേപം ഉയരുന്നു. നേമം മണ്ഡലത്തിലെ സി.പി.ഐയിൽ പ്രശ്നങ്ങൾ തുടങ്ങിയിട്ട് നാളേറെയായി. അത് പരിഹരിക്കാൻ നേതൃത്വം യഥാസമയം ഇടപെടാത്തതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് പാർട്ടി വൃത്തങ്ങളിൽ സംസാരമുണ്ട്. ഇനിയും നേതൃത്വം ഇടപെട്ടില്ലെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ജില്ല സമ്മേളനത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോൾ ജില്ല കൗൺസിൽ അംഗത്തിന്റെ സസ്പെൻഷനിൽ എത്തിയിരിക്കുകയാണ്. മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയനെ ഫോണിലൂടെ തെറിവിളിച്ച ആറ്റുകാൽ ലോക്കൽ സെക്രട്ടറി ഷിബു കെ. സുരേന്ദ്രനെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൽസ്ഥാനത്തുനിന്ന് നീക്കംചെയ്തത് ചർച്ചയായിരുന്നു.
ക്രിമിനൽ ബന്ധമുള്ള ഷിബു പാർട്ടിയുടെ നേതൃസ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഔദ്യോഗിക വിഭാഗം നടപടിയെടുത്തത്. സാമ്പത്തിക ക്രമക്കേട് ആരോപണത്തിന്റെ പേരിൽ മണ്ഡലം സെക്രട്ടറി സ്ഥാനത്തുനിന്ന് കാലടി ജയചന്ദ്രൻ പുറത്തായതിനെത്തുടർന്ന് പപ്പനംകോട് അജയൻ മണ്ഡലം സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു.
ഇതിനുശേഷം നേമം മണ്ഡലത്തിലെ സി.പി.ഐയിൽ വിഭാഗീയത ശക്തിയാർജിച്ചെന്ന് പ്രവർത്തകർ പറയുന്നു.
നഗരസഭ തെരഞ്ഞെടുപ്പിൽ അമ്പലത്തറയിലെ സി.പി.ഐ സ്ഥാനാർഥിയും സസ്പെൻഷനിലായ സുലോചനന്റെ ഭാര്യയുമായ ഗീതാകുമാരിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് പാർട്ടി ജില്ല കൗൺസിൽ അംഗം സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അമ്പലത്തറ ലോക്കൽ കമ്മിറ്റി മണ്ഡലം കമ്മിറ്റിക്കും ജില്ല കൗൺസിലിനും കത്ത് നൽകിയിരുന്നു. അതിൽ ഒരു നടപടിയും കൈക്കൊള്ളാത്ത മേൽഘടകങ്ങൾ സുലോചനനെതിരായ പരാതിയിൽ വിശദീകരണം പോലും ചോദിക്കാതെ നടപടി സ്വീകരിച്ചത് പ്രവർത്തകർക്കിടയിൽ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
വെള്ളാർ വാർഡിൽ തന്നെ തോൽപ്പിക്കാൻ ശ്രമിച്ച മുൻ കൗൺസിലറെ മണ്ഡലം നേതൃത്വം സംരക്ഷിക്കുന്നെന്നാരോപിച്ച് സ്ഥാനാർഥിയും മുൻ കൗൺസിലറുമായിരുന്ന ബിന്ദുവും ഭർത്താവും പാർട്ടി അംഗങ്ങളും ദിവസങ്ങൾക്കു മുമ്പ് ബി.ജെ.പിയിൽ ചേർന്നിരുന്നു.
പാർട്ടിയിലെ പുതിയ സംഭവവികാസങ്ങളിൽ അസംതൃപ്തർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്. സുലോചനനെതിരായ നടപടിക്ക് പിന്നിൽ പാർട്ടിയിലെ ചിലർതന്നെയാണെന്ന ആക്ഷേപവും ശക്തമാണ്. പതിറ്റാണ്ടുകളോളം പാർട്ടി കൗൺസിലറായിരുന്ന സുലോചനനെതിരെ തെരഞ്ഞെടുപ്പ് ഫലം വരുംമുമ്പ് ധൃതിപിടിച്ച് സംസ്ഥാന നേതൃത്വത്തെക്കൊണ്ട് നടപടിയെടുപ്പിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയരുന്നു.
സുലോചനനെതിരെ സി.പി.എം നേതൃത്വം പരാതി നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.