അവകാശ പോരാട്ടത്തിന്‍റെ പകലിരവുകൾ താണ്ടി, ആശസമരം അവസാനിക്കുന്നില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ കാറ്റിലും മഴയിലും പൊള്ളുന്ന ചൂടിലുമൊക്കെയായി നീണ്ട സമരനാളുകൾ. ജീവിത പ്രാരാബ്ധനങ്ങൾക്ക് മുന്നിൽ പകച്ചുനിന്ന ആശമാർ ആവശ്യപ്പെട്ട വേതനവർധവിനോട് അധികാരികൾ കൺതുറന്നില്ല. പകൽ സമരം രാപ്പകൽ സമരത്തിലേക്ക് നീങ്ങിയപ്പോഴും പൊതുസമൂഹമാകെ പിന്തുണമായുമായി എത്തിയപ്പോഴും ഭരണപക്ഷം പ്രശ്നപരിഹാരം സാധ്യമാക്കുന്ന തീരുമാനങ്ങളിലേക്ക് കടന്നില്ല. അപ്പോഴും അനാവശ്യ സമരമെന്ന് വിശേഷിപ്പിച്ചവർക്ക് മുന്നിൽ ആശമാർ തങ്ങളുടെ പക്ഷം നീതിയുടേതാണെന്ന് അവർത്തിച്ചുകൊണ്ടേയിരുന്നു.

വിവിധ ക്ഷേമ പ്രഖ്യാപനങ്ങൾക്കൊപ്പം ഓണറേറിയത്തിൽ വരുത്തിയ വർധനക്ക് പിന്നാലെയാണ് രാപ്പകൽ സമരം മാത്രം അവസാനിപ്പിക്കാനും പ്രദേശികമായുള്ള സമരങ്ങൾ തുടരാനും ആശമാർ തീരുമാനമെടുത്തത്. ആവശ്യങ്ങളെല്ലാം നേടിയെടുക്കാനായില്ലെങ്കിലും അവകാശ പോരാട്ടത്തിന്‍റെ നിരവധി സമരമുഹൂർത്തങ്ങൾ സൃഷ്ടിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് ആശമാർ വീടുകളിലേക്ക് മടങ്ങുന്നത്.

ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫെബ്രുവരി പത്തിന് സമരത്തിന്‍റെ തുടക്കം. തൊട്ടുടത്തദിവസം മന്ത്രിയുടെ വീട്ടിലും തുടർന്ന് ഓഫിസിലും പോയി ആവശ്യങ്ങൾ അറിയിച്ചു. 15 ന് മന്ത്രിയുടെ ഓഫീസിൽ ചർച്ച നടന്നുവെങ്കിലും തീരുമാനമായില്ല. തുടർന്ന് സമരത്തിന്‍റെ ഭാഗമായ കുടുംബസംഗമം നടന്നു. 20ന് മഹാസംഗവും തലസ്ഥാനത്ത് സംഘടിപ്പിച്ചു.

മാർച്ച് മൂന്നിന് നിയമസഭാ മാർച്ച്, എട്ടിന് വിനിതാ സംഗമം എന്നിവ നടത്തി. 17ന് നടന്ന സെക്രട്ടേറിയറ്റ് ഉപരോധം അവഗണനക്കെതിരായ താക്കീതായി. 19ന് എൻ.എച്ച്.എം മന്ത്രിതല ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. 20ന് നിരാഹാര സമരം തുടങ്ങി. 24ലെ കൂട്ട ഉപവാസത്തിലും 30ലെ മുടിമുറക്കൽ സമരത്തിലും വലിയ പങ്കാളിത്തമുണ്ടായി. ഏപ്രിൽ മൂന്നിനും ഏഴിനും മന്ത്രിതലയോഗങ്ങൾ ചേർന്നെങ്കിലും ഫലമുണ്ടായില്ല. 12ന് പൗരസാഗരം പരിപാടി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നു. മേയ് ഒന്നിന് നിരാഹാര സമരം അവസാനിപ്പിച്ചു.

രാപകൽ സമരയാത്ര മേയ് അഞ്ചിന് കാസർകോട് നിന്നാരംഭിച്ച് ജൂൺ 18ന് സെക്രട്ടേറിയറ്റിന് മുന്നിൽ അവസാനിപ്പിച്ചു. 1000 പ്രതിഷേധ സദസുകൾ, സമരവേദിയിൽ തയ്യൽ പരിശീലനം, എൻ.എച്ച്.എം ഓഫിസ് മാർച്ച് തുടങ്ങിയവയും പിന്നീട് നടന്നു. ഒക്ടോബർ 22ന് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ സർക്കാർ നിസംഗതക്കെതിരെ ആശമാർ കടുത്ത പ്രതിഷേധമുയർത്തി. പൊലീസ് അതിക്രമത്തിനെതിരെ 23ന് ആശമാർ കരിദിനാചരണവും നടത്തി. ഇതിനു പിന്നാലെയാണ് വേതന വർധനവ് സർക്കാർ പ്രഖ്യാപിച്ചതും രാപ്പകൽ സമരം നിർത്തി മറ്റ് സമരമാർഗങ്ങളിൽ ഉറച്ച് നിൽക്കാനും ആശമാർ തീരുമാനിച്ചത്.

Tags:    
News Summary - Kerala ASHA Workers to Call Off Their 265-Day Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.