തിരുവനന്തപുരം കോർപറേഷൻ ഓഫിസിൽ സമരം നടത്തുന്ന കൗൺസിലർമാരെ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചപ്പോൾ

വീട്ടുകരം തട്ടിപ്പിനെതിരെ നിരാഹാരം; നാല്​ കൗണ്‍സിലര്‍മാര്‍ കൂടി ആശുപത്രിയില്‍

തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പിനെതിരെ സമരം നടത്തുന്ന നാല് ബി.ജെ.പി കൗണ്‍സിലര്‍മാരെകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജഗതി വാര്‍ഡ് കൗണ്‍സിലര്‍ ഷീജാമധു, നേമം കൗണ്‍സിലര്‍ ദീപിക.യു, ചെല്ലമംഗലം കൗണ്‍സിലര്‍ ഗായത്രിദേവി, പൗഡിക്കോണം കൗണ്‍സിലര്‍ അര്‍ച്ചന മണികണ്ഠന്‍ എന്നിവരാണ്​ ശനിയാഴ്​ച ആശുപത്രിയിലായത്. ആശുപത്രിയിലേക്ക് മാറ്റുന്ന സമയം നേമം കൗണ്‍സിലര്‍ ദീപികയോടൊപ്പം ഒന്നര വയസ്സുള്ള കുഞ്ഞുമുണ്ടായിരുന്നു. പാങ്ങോട് കൗണ്‍സിലര്‍ ഒ. പത്മലേഖ, ഫോര്‍ട്ട് കൗണ്‍സിലര്‍ ജാനകി അമ്മാള്‍ തുടങ്ങിയവരെ കഴിഞ്ഞദിവസം ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സമരം 26 ദിവസവും നിരാഹാരം അഞ്ചാം ദിവസവും പിന്നിട്ടു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ സമരനേതാക്കളെ സന്ദര്‍ശിച്ചു.

നികുതിവെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തോട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. നാലുദിവസമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നിരാഹാരം കിടക്കുകയാണ്. സര്‍ക്കാറി​െൻറ ഏതെങ്കിലുമൊരു പ്രതിനിധി ഇതുവരെ എന്തിനാണ് സമരം എന്നുപോലും അന്വേഷിച്ചിട്ടില്ല.

നരേന്ദ്ര മോദി കര്‍ഷകരോട് ചര്‍ച്ച നടത്തുന്നില്ലെന്ന് ആക്ഷേപിക്കുന്നവരാണ് മാര്‍ക്‌സിസ്​റ്റുപാര്‍ട്ടി. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാറാകട്ടെ സമരക്കാരോട് തൊഴുകൈയോടുകൂടിയാണ് അഭ്യർഥന നടത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ സമരം ചെയ്യുന്നവരോട് കാട്ടുന്ന നിലപാടെന്താണെന്ന് നാം കണ്ടതാണ്. കഴിഞ്ഞവര്‍ഷം മുട്ടിലിഴഞ്ഞ് സമരം ചെയ്തവരോടുള്ള സമീപനവും നാം കണ്ടു. ഇവരാണ് ബി.ജെ.പിയെ ജനാധിപത്യബോധം പഠിപ്പിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.ബി.ജെ.പിയും വിവിധ മോര്‍ച്ചകളും സമരം കൂടുതല്‍ ശക്തമാക്കി. രാപ്പകല്‍ സമരത്തി​െൻറ ഭാഗമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ കോർപറേഷന് മുന്നില്‍ ധര്‍ണ നടത്തി. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ സി. ശിവന്‍കുട്ടി ധര്‍ണ ഉദ്ഘാടനം ചെയ്തു. തിട്ടമംഗലം ഹരി, കെ.ജി.ശിവശങ്കരന്‍നായര്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍, കഴക്കൂട്ടം അനില്‍ തുടങ്ങി സംസ്ഥാന ജില്ല നേതാക്കള്‍ സംസാരിച്ചു.

മേയർ ജനാധിപത്യ മര്യാദകൾ പാലിക്കുന്നില്ല –കെ. മുരളീധരൻ എം.പി

തിരുവനന്തപുരം: മേയർ അഴിമതി നടത്തിയ ഉദ്യോഗസ്ഥൻമാർക്ക് രക്ഷാകവചം ഒരുക്കുകയാണെന്നും ജനാതിപത്യ മര്യാദകൾ പാലിക്കുന്നില്ലെന്നും കെ. മുരളീധരൻ എം.പി പ്രസ്​താപിച്ചു. തിരുവനന്തപുരം നഗരസഭ കവാടത്തിൽ യു.ഡി.എഫ്​ നടത്തിയ 11ാം ദിവസത്തെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല മുസ്​ലിം ലീഗ് പ്രസിഡൻറ്​ പ്രഫ. തോന്നയ്ക്കൽ ജമാൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്​ ജില്ല ചെയർമാൻ പി.കെ. വേണുഗോപാൽ, കൺവീനർ ബീമാപള്ളി റഷീദ്, മുസ്​ലിം ലീഗ് നേതാക്കളായ അഡ്വ. കണിയാപുരം ഹലീം, എസ്.എൻ പുരം നിസാർ, പാച്ചല്ലൂർ നുജമുദ്ദീൻ, ചാന്നാങ്കര എം.പി കുഞ്ഞ് എന്നിവർ സംസാരിച്ചു.

ബി.ജെ.പി നേതൃത്വത്തിൽ നഗരഭരണം അട്ടിമറിക്കാൻ ശ്രമം –മാങ്കോട് രാധാകൃഷ്ണൻ

തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം കോർപറേഷനിലെ ഭരണ സംവിധാനത്തിനെതിരായി വ്യാജ പ്രചാരണങ്ങൾ നടത്തിയും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചും അട്ടിമറിക്കാനുള്ള വിഫല ശ്രമത്തിലാണ് ബി.ജെ.പിയും കോൺഗ്രസുമേർപ്പെട്ടിരിക്കുന്നതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. കുറ്റവാളികളായ ഉദ്യോഗസ്ഥർ അറസ്​റ്റിലാവുകയും മറ്റുള്ളവരെ പിടികൂടാനുള്ള ഊർജിത ശ്രമം സംസ്ഥാന സർക്കാറി​െൻറ നിർദേശപ്രകാരം നടന്നുവരികയുമാണ്. നികുതി വെട്ടിപ്പിനെതിരെ വകുപ്പുതല അന്വേഷണവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ യാഥാർഥ്യങ്ങളെ തമസ്കരിച്ചുകൊണ്ട് ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രതിഷേധ പ്രഹസനങ്ങളെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും മാങ്കോട് രാധാകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.




Tags:    
News Summary - Fasting against fraud; Four more councilors hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.