തിരുവനന്തപുരം: മാല മോഷണക്കേസില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് മാനസിക പീഡനമുണ്ടായ കേസില്‍ വീട്ടുടമ പേരൂര്‍ക്കട സ്വദേശിനി ഓമന ഡാനിയേലിനും മുന്‍ പേരൂര്‍ക്കട എസ്.ഐ എസ്.ജി. പ്രസാദിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാനാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
വീട്ടമ്മയുടെ പ്രായം പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന ഹരജിയിലെ ആവശ്യം കോടതി അംഗീകരിച്ചു. കൃത്യനിര്വഹണത്തിന്റെ ഭാഗമായ സ്വാഭാവിക ചോദ്യം ചെയ്യലിന് അപ്പുറം യാതൊരുവിധമായ ശാരീരിക- മാനസിക പീഡനം യുവതിയെ ഏല്പ്പിച്ചിരുന്നില്ലെന്ന എസ്.ഐ യുടെ വാദവും കോടതി അംഗീകരിച്ചു.
വീട്ടുടമയും പൊലീസ് ഉദ്യോഗസ്ഥരും യുവതി ദലിത് വിഭാഗത്തിലാണെന്ന് അറിഞ്ഞുകൊണ്ടാണ് മാനസിക പീഡനം നടത്തിയതെന്ന വാദം പരാതിയില്‍ ഒരിടത്തും ഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യമല്ല നിലവിലുളളത്. മാല മോഷണം പോയതായി കാണിച്ച് കഴിഞ്ഞ ഏപ്രില്‍ 23 നാണ് വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്.
ചികിത്സയിലായിരുന്ന മകള്‍ നിഷയെ പരിചരിക്കുന്നതിനെത്തിയ നെടുമങ്ങാട് സ്വദേശിനി ദലിത് യുവതിക്കെതിരെയാണ് പരാതി നല്‍കിയത്. അടുത്ത ദിവസം മാല കിട്ടിയ ഉടന്‍ വീട്ടമ്മ പൊലീസിനെ അറിയിക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയില്‍ വീട്ടുടമ ഓമന ഡാനിയേല്‍, മകള്‍ നിഷ, പേരൂര്‍ക്കട സ്റ്റേഷനിലെ എസ്.ഐ എസ്.ജി. പ്രസാദ്, എ.എസ്.ഐ പ്രസന്നകുമാര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് എടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സന്ദീപ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.