ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തമ്പാനൂർ പരിസരത്ത് സ്ഥാനം പിടിച്ച് പൊങ്കാലയടുപ്പൊരുക്കി വിശ്രമിക്കുന്ന ഭക്തർ
തിരുവനന്തപുരം: പൊങ്കാലത്തലേന്ന് ആറ്റുകാൽക്ഷേത്രത്തിൽ ദർശനത്തിന് വൻ ജനത്തിരക്ക്. തിങ്കളാഴ്ച ക്ഷേത്രദർശന ശേഷം പൊങ്കാലക്കുള്ള സ്ഥലം ക്രമീകരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഭക്തർ.
തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിലേക്കുള്ള വീഥികളിൽ പൊങ്കാലകലങ്ങൾ നിരന്നു. നഗരത്തിലെ വസ്ത്രവ്യാപാരസ്ഥാപനങ്ങളിലും വഴിയോരകച്ചവടകേന്ദ്രങ്ങളിലും പൊങ്കാലവസ്ത്രങ്ങൾ വാങ്ങാനും തിരക്കേറി. ചൊവ്വാഴ്ച രാവിലെ 9.15ന് ശുദ്ധപുണ്യാഹത്തോടെയാകും ചടങ്ങുകള്‍ ആരംഭിക്കുക. രാവിലെ 9.45ന് പൊങ്കാലയുടെ അടുപ്പുവെട്ട് ചടങ്ങ് നടക്കും.
കണ്ണകിചരിതത്തില് പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗത്തെ തോറ്റംപാട്ടിനുശേഷം തന്ത്രി പരമേശ്വരന് ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകരും. ദീപം സഹശാന്തി ഏറ്റുവാങ്ങി വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലും പകരും. പണ്ടാര അടുപ്പില്‍ നിന്നാണ് ലക്ഷക്കണക്കിന് ഭക്തരുടെ അടുപ്പുകളിലേക്ക് അഗ്നി പകരുക.
ഉച്ചപൂജക്കുശേഷം 2.15നാണ് പൊങ്കാല സമര്‍പ്പണം. ചന്ദ്രഗ്രഹണ ദിവസമായതിനാല്‍ പൊങ്കാല നിവേദ്യം കഴിഞ്ഞ് ഉച്ചക്ക് 3.10 മുതല്‍ രാത്രി ഏഴ് വരെ നട അടക്കും. രാത്രി 8.30ന് കുത്തിയോട്ടത്തിനുള്ള ചൂരല്‍ക്കുത്ത് നടക്കും. അമ്പലത്തില്‍ കുത്തിയോട്ടത്തിന് വ്രതം നേല്ക്കുന്ന 579 ബാലന്മാര് ചൂരല്‍ക്കുത്ത് നടത്തി പുറത്തിറങ്ങിക്കഴിഞ്ഞാണ് രാത്രി 10.45ന് ദേവിയുടെ പുറത്തെഴുന്നള്ളത്ത് ആരംഭിക്കുക. ബുധനാഴ്ച നാലിന് രാത്രി 9.45ന് കാപ്പഴിച്ച് ദേവിയെ കുടിയിരുത്തും. 10.15ന് നട അടയ്ക്കല്‍. രാത്രി 12.45ന് കുരുതി തര്‍പ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് പരിസമാപ്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.