ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ദർശനത്തിനെത്തിയ ഭക്തർ ദീപാരാധന തൊഴുന്നു
തിരുവനന്തപുരം: ആറ്റുകാലമ്മക്ക് പൊങ്കാലയർപ്പിച്ച് ആത്മനിർവൃതിയടയാൻ നാടും നഗരവുമൊരുങ്ങി. സ്തീകളുടെ ശബരിമല എന്ന് പ്രസിദ്ധമായ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ചൊവ്വാഴ്ച നടക്കും. നേരത്തേ നഗരത്തിലെത്തിയ ദേവീഭക്തർ സ്ഥലംപിടിച്ച് അടുപ്പുകൂട്ടാനുള്ള ക്രമീകരണങ്ങളൊരുക്കി. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 9.45നാണ് പൊങ്കാലയുടെ പ്രധാനചടങ്ങായ അടുപ്പുവെട്ട്. തോറ്റം പാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടനെ ശ്രീകോവിലിൽനിന്ന് ക്ഷേത്ര തന്ത്രി പരമേശ്വരൻ ഭടതിരിപ്പാടിന്‍റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ദീപം പകർന്ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ കത്തിച്ചശേഷം സഹമേൽശാന്തിക്ക് കൈമാറും.
ശേഷം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനുമുൻവശത്ത് ഒരുക്കിയ പണ്ടാരഅടുപ്പിലും തീ കത്തിക്കും. ഉച്ചക്ക് 2.15ന് ക്ഷേത്രത്തിന് മുന്നിലെ പൊങ്കാല നിവേദിക്കും.
ട്രസ്റ്റ് നിയോഗിച്ച പുരോഹിതര്‍ എല്ലായിടത്തും നിവേദ്യത്തിന് തീര്‍ഥം തളിക്കും. പൊങ്കാലയും ചന്ദ്രഗ്രഹണവും ഒന്നിച്ചെത്തുന്ന ദിവസമാണ് ചൊവ്വാഴ്ച. പകല്‍ ദര്‍ശനസമയം കുറയുന്നതിനാല്‍ തിങ്കളാഴ്ച രാത്രി പതിവുള്ള ഒന്നിന് ശേഷവും ദര്‍ശനസമയം നീട്ടാന്‍ ആലോചിക്കുന്നുണ്ട്.
പൊങ്കാല നടക്കുന്ന സമയത്ത് പതിവുള്ള വിമാനത്തില്‍ നിന്നുള്ള പുഷ്പവൃഷ്ടിക്ക് ഇത്തവണ പൂര്‍ണതോതിലുള്ള അനുമതി ലഭിച്ചിട്ടില്ല. കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ പുഷ്പവൃഷ്ടി ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.