തിരുവനന്തപുരം: പാളയം യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികൾ തമ്മിലെ കൈയാങ്കളിയിൽ ലോ കോളജ് വിദ്യാർഥികൾക്ക് മർദനം. മൂന്നാം വർഷ വിദ്യാർഥികളായ ശംഭു, അനിരുദ്ധ്, അർജുൻ എന്നിവർക്കാണ് കഴിഞ്ഞദിവസം രാത്രി മർദനമേറ്റത്. എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയ ജോയന്റ് സെക്രട്ടറിയാണ് ശംഭു. ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ശംഭുവിനും അനിരുദ്ധിനും തലക്കും അർജുന് കാലിനുമാണ് പരിക്കേറ്റത്. മെഡിക്കൽ കോളജിൽ ചികിത്സതേടി.
ഹോസ്റ്റലിലെ ലോ കോളജ് വിദ്യാർഥികൾക്കുള്ള വിഭാഗത്തിലായിരുന്നു സംഭവം. ഇവർക്ക് അടുത്തയാഴ്ച പരീക്ഷ തുടങ്ങുകയാണ്. പഠിക്കുന്നതിനിടെ അനധികൃതമായി ഇവിടെ താമസിക്കുന്ന ഒരുകൂട്ടം പേർ മദ്യപിച്ച് ബഹളംവെക്കുകയായിരുന്നു. പഠിക്കാനാകാത്ത സ്ഥിതിയുണ്ടായതോടെ ലോ കോളജിലെ വിദ്യാർഥികൾ ഇവരെ വിലക്കി. ഇതോടെ മുൻ വിദ്യാർഥികൾ അനിരുദ്ധിന്റെ മുറിയിലെത്തി ഭീഷണിപ്പെടുത്തി.
ഇത് ചോദ്യം ചെയ്തതോടെ ഇവർ താമസിക്കുന്ന മുറിയിൽ പോയി കമ്പിയും വടികളും മറ്റ് ആയുധങ്ങളുമായി മടങ്ങിയെത്തി ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. ലോ കോളജ് വിദ്യാർഥികൾക്കുള്ള ബ്ലോക്കിലെ ഒഴിഞ്ഞുകിടന്ന ഒരു മുറിയാണ് മുമ്പുണ്ടായിരുന്ന അന്തേവാസികൾ അനധികൃതമായി കൈയേറി ഉപയോഗിക്കുന്നതെന്നാണ് ആരോപണം. വിദ്യാർഥികളുടെ പരാതിയിൽ അഞ്ചു പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. യൂനിവേഴ്സിറ്റി കോളജിലെ മുൻ വിദ്യാർഥികളാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.