അരുവിക്കര ടൂറിസം പദ്ധതി മേഖല
കാട്ടാക്കട: മാറനല്ലൂര്‍ അരുവിക്കര ടൂറിസം പദ്ധതി പ്രഖ്യാപനങ്ങളിലൊതുങ്ങി. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും നിരന്തര ആവശ്യങ്ങള്‍ക്കൊടുവിലാണ് അരുവിക്കരയെ ടൂറിസം പദ്ധതിയിലുള്‍പ്പെടുത്തിയത്. നാലുവര്‍ഷം മുമ്പ് പദ്ധതി തയ്യാറാക്കി നല്‍കിയെങ്കിലും ഇതേവരെ വെളിച്ചം കണ്ടില്ല. അരുവിക്കരയില്‍ റോപ്പ് വേ, തത്തുപാറ വ്യൂ പോയന്റ്, നെയ്യാറില്‍ പാറകള്‍ക്ക് മുകളിലായി കല്‍മണ്ഡപം, കുട്ടവഞ്ചി, സോളാര്‍ ബോട്ട്, അരുവിക്കര മുതല്‍ കാമത്തോട് വരെ നടന്നു പോകുന്നതിന് തറയോട് പാകിയ നടപ്പാത എന്നിവയാണ് അരുവിക്കര ടൂറിസം പദ്ധതിക്കായി ഉള്‍പ്പെടുത്തിയത്.
പദ്ധതി യാഥാർഥ്യമാക്കുന്നതിനായി ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം അരുവിക്കരയിലെത്തി പഠനങ്ങള്‍ നടത്തി. അതിനുശേഷം അരുവിക്കര ടൂറിസം പദ്ധതിയുടെ പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ പിന്നീട് ഒന്നും നടന്നില്ല. ബലിതര്‍പ്പണം നടത്താന്‍ അരുവിക്കരയില്‍ ആയിരങ്ങളാണ് എത്തുന്നത്. എന്നാല്‍ പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നതാണ് വസ്തുത. നെയ്യാറിലെ ബലിതര്പ്പനയിടങ്ങളില് ഒരു കയര്‍ മാത്രമാണ് സുരക്ഷക്കായി സജ്ജീകരിച്ചിരിക്കുന്നത്. നെയ്യാറിലെ പാറക്കെട്ടുകള്‍ക്ക് നടുവില്‍ ഇരുമ്പുവേലി നിര്‍മ്മിച്ച് പരിഹാരമുണ്ടാക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ നടന്നില്ല.
സിനിമാ-സീരിയല്‍ നിര്‍മ്മാതക്കളുടെ പ്രധാന ലൊക്കേഷനാണ് അരുവിക്കര. നെയ്യാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി പേരാണ് ഏത്തുന്നത്. എന്നാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ പാറക്കെട്ടും നെയ്യാറിന് കുറുകെ നിര്‍മ്മിച്ച ചെക്ക്ഡാമും കണ്ടാണ് മടക്കം. ടൂറിസം പദ്ധതി യാഥാർഥ്യമായില്ലങ്കിലും അടുത്തിടെ ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപ വിനിയോഗിച്ച് അരുവിക്കര ജങ്ഷനു സപീപം ഹാപ്പിനസ് പാര്‍ക്ക് നിര്‍മ്മിച്ചത് മാത്രമാണ് ഇവിടെയുണ്ടായ ഏക വികസനം. കുട്ടികള്‍ക്കാവശ്യമായ കളികോപ്പുകള്‍ സ്ഥാപിക്കുമെന്ന് അറിയിച്ചെങ്കിലും അതും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.