നിരാഹാരമനുഷ്ഠിച്ചിരുന്ന ഉദ്യോഗാർഥിക്ക് നാരങ്ങാനീര് നൽകി എ.എ. റഹിം എം.പി സമരം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് എൽ.പി സ്കൂൾ ടീച്ചേഴ്സ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ ഒരാഴ്ചയായി നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ.എ. റഹിം എം.പിയുമായി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. കഴിഞ്ഞ കുറച്ച് ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ സമരമുറകളുമായി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധിക്കുകയായിരുന്നു. മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും മുഖത്ത് കരിപൂശിയുമൊക്കെ വ്യത്യസ്തമായ സമരരീതികളാണ് പിന്തുടർന്നത്. സമരം ഒത്തുതീർപ്പാക്കാൻ ഇടപെടലുണ്ടാകണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തോട് സമരക്കാർ ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് എ.എ. റഹിം വിഷയത്തിൽ ഇടപെട്ടതും സമരം അവസാനിപ്പിക്കാൻ കാരണമായതും. സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന റാങ്ക് ഹോൾഡേഴ്സിനെ സന്ദർശിച്ച അദ്ദേഹം ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ കേട്ട ശേഷം ന്യായമായ ആവശ്യങ്ങൾക്കൊപ്പം സംഘടന ഉറച്ചുനിൽക്കുമെന്ന ഉറപ്പ് നൽകി. ഉദ്യോഗാർഥികളുടെ സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. നിയമന നടപടികളുമായി ബന്ധപ്പെട്ട ഫയൽ നീക്കം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ നിലവിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച രാത്രിയിൽ സമരപന്തലിലെത്തിയ റഹീം സമരക്കാരെ അറിയിച്ചു.
നിലവിലെ റാങ്ക് ലിസ്റ്റിന് രണ്ടു വർഷത്തെ കാലാവധി ബാക്കിയുണ്ട്. മൂന്ന് വർഷ കാലാവധിയുള്ള ലിസ്റ്റിൽ നിന്ന് പരമാവധി ആളുകൾക്ക് നിയമനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം ആളുകൾക്കും സ്ഥിരനിയമനം നൽകാൻ സാധിച്ചു. ഈ റാങ്ക് ലിസ്റ്റിന്‍റെ കാര്യത്തിലും ഡി.വൈ.എഫ്.ഐ സമാനമായ ഉറപ്പ് നൽകുമെന്നും റഹിം പറഞ്ഞു.
ഉദ്യോഗാർഥികൾ നടത്തിയത് വളരെ ജനാധിപത്യപരമായ രീതിയുള്ള സമരരീതിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 2016ന് മുമ്പ് സ്കൂളുകളിലെ അധ്യാപക നിയമനം നടക്കാതിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ അതിന് ശേഷം റാങ്ക്ലിസ്റ്റ് തീർന്നാലുടൻ നോട്ടിഫിക്കേഷൻ വരുമായിരുന്നു. കഴിഞ്ഞറാങ്ക്ലിസ്റ്റിലെ പരമാവധി ആൾക്കാർക്ക് സ്ഥിരംനിയമനം ലഭിച്ചിു. ഈ റാങ്ക്ലിസ്റ്റിലെ പരമാവധി പേർക്കും നിയമനം ലഭിക്കാൻ ഡി.വൈ.എഫ്.ഐയുണ്ടാകുമെന്നും റഹിം പറഞ്ഞു. നിരാഹാരമനുഷ്ഠിച്ച ഉദ്യോഗാർഥിക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.