തമ്പാനൂർ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ പോസ്റ്ററുകൾ പതിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കംചെയ്യുന്നു
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബുധനാഴ്ച നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് നേമം ഷജീറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്.
‘ഈ കോഴി മന്ത്രി തുടരണോ?’ എന്ന ചോദ്യമുയർത്തുന്ന പോസ്റ്ററുകൾ കെ.എസ്.ആർ.ടി.സി ബസുകളിൽ പതിപ്പിക്കാൻ പ്രവർത്തകർ ശ്രമിച്ചത് പൊലീസ് തടയുകയും ബസുകളിൽ ഒട്ടിച്ച പോസ്റ്ററുകൾ പൊലീസ് ബലമായി കീറാൻ ശ്രമിച്ചതുമാണ് സംഘർഷത്തിന് കാരണമായത്. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസുകാരെ മർദിച്ചെന്നാരോപിച്ച് ഒരു പ്രവർത്തകനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. സ്ഥലത്ത് നിലയുറപ്പിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ ബസ് സ്റ്റാൻഡിനുള്ളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചതെന്നും നടപടി കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സ്ത്രീകൾക്കെതിരെ മോശം നിലപാട് സ്വീകരിക്കുന്ന മന്ത്രി രാജി വെക്കണമെന്നും ഇത്തരം വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടും സംരക്ഷിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് നേമം ഷജീർ ആവശ്യപ്പെട്ടു. സംഘർഷത്തെത്തുടർന്ന് തമ്പാനൂരിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.