പാചക വാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ലോക്ഭവനിലേക്ക് നടത്തിയ മാർച്ച്
തിരുവനന്തപുരം: പാചക വാതക ക്ഷാമം ഹോട്ടൽ മേഖലയുടെ താളം തെറ്റിച്ചു. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ കിട്ടാതായതോടെ ഹോട്ടലുകൾ പൂട്ടിത്തുടങ്ങി. തുറന്ന ഹോട്ടലുകളിൽ വിഭവങ്ങളുടെ എണ്ണം കുറവാണ്. കാറ്ററിങ് മേഖലയെയും പാചക വാതകക്ഷാമം ബാധിച്ചു. ബുക്കിങിന് അനുസരിച്ച് സാധനങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുകയാണ് മേഖലയിലുള്ളവർ.
ജില്ലയിൽ ശനിയാഴ്ച മുതൽ സിലിണ്ടറുകൾ ലഭിക്കുന്നില്ല. ഏജൻസികളുമായി ബന്ധപ്പെട്ടാലും സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. ഹോട്ടലുകൾക്കൊപ്പം സ്ഥാപനങ്ങളിലെ കാന്റീനുകളുടെ പ്രവർത്തനവും നിലച്ചുതുടങ്ങി. ഗാർഹിക സിലിണ്ടറുകളും ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. ചില കമ്പനികളുടെ ബുക്കിങ് നമ്പരുകൾ പ്രവർത്തിക്കുന്നില്ല.
ബുക്ക് ചെയ്താൽ തന്നെ സിലിണ്ടർ എന്ന് കിട്ടുമെന്ന് ഉറപ്പില്ല. സാധാരണ ബുക്ക് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭിക്കുമായിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടർ വിതരണത്തിന് തടസ്സമില്ലെന്ന് വിതരണ കമ്പനികൾ ആവർത്തിക്കുമ്പോഴും, കെ.വൈ.സി കൃത്യമായി അപ്ഡേറ്റ് ചെയ്ത ഉപഭോക്താക്കൾക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം. മിക്ക ഏജൻസികളിലും 30 ശതമാനത്തോളം പേർ കൃത്യമായി കെ.വൈ.സി അപ്ഡേറ്റ് ചെയ്തിട്ടില്ല. ഇവർക്ക് ബുക്ക് ചെയ്താലും സിലിണ്ടർ വിതരണത്തിൽ മുൻഗണന ലഭിക്കില്ല. നിലവിലെ സാഹചര്യത്തിൽ ആധാർ കാർഡ് ഉൾപ്പെടെ രേഖകളുമായി കെ.വൈ.സി അപ്ഡേഷന് വിതരണ ഏജൻസികളിൽ നിരവധിപ്പേർ എത്തുന്നുണ്ട്.
പാചക വാതകം കരിഞ്ചന്തയില്‍
വെള്ളറട: പനച്ചമൂട്ടിലും പരിസരങ്ങളിലും പാചകവാതക സിലിണ്ടർ കരിഞ്ചന്തയിൽ വിൽപന വ്യാപകം. ഒരു ഗാര്‍ഹിക സിലിണ്ടറിന് 922 രൂപയാണ് ഗ്യാസ് ഏജന്‍സിക്ക് അടക്കേണ്ടത്. കരിഞ്ചന്തയില്‍ 1500 രൂപക്ക് യഥേഷ്ടം ലഭിക്കുന്നു. ഗ്യാസ് ഏജന്‍സിയില്‍ ബുക്കിങ് പൂര്‍ണമായി നിലച്ചിരിക്കെയാണ് കരിഞ്ചന്തയില്‍ യഥേഷ്ടം ലഭിക്കുന്നത്.
എൽ.ഡി.എഫ് ധർണ ഇന്ന്
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയിൽ കേന്ദ്രസർക്കാറിന്റെ അലംഭാവത്തിൽ പ്രതിഷേധിച്ചും പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടും എൽ.ഡി.എഫ് നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10.30ന് ജി.പി.ഒക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തും. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കാറ്ററിങ് സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടർ ലഭ്യതയിലുണ്ടായ ഗുരുതരമായ കുറവ് മൂലം കാറ്ററിങ് മേഖലയിൽ വലിയ പ്രതിസന്ധിയെന്ന് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി. കാറ്ററിങ് സ്ഥാപനങ്ങളിൽ അഞ്ച് സിലിണ്ടറിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവാണ് തിരിച്ചടിയാകുന്നത്.
പ്രതിസന്ധി മൂലം നിരവധി കാറ്ററിങ് സ്ഥാപനങ്ങൾ പ്രവർത്തനം അവസാനിപ്പിച്ചു. മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് സാമ്പത്തികനഷ്ടത്തിനൊപ്പം ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും ഉപജീവനവും അനിശ്ചിതത്വത്തിലായി. വിവാഹം, സ്വീകരണം, പൊതുപരിപാടി, മതപരമായ ചടങ്ങ് എന്നിവയിലേക്ക് ഭക്ഷണമൊരുക്കൽ മുടങ്ങി. ഗ്യാസ് ഏജൻസികളിൽ വിളിച്ചാൽ ഫോണെടുക്കാൻ പോലും വിസമ്മതിക്കുന്നു. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളും എണ്ണക്കമ്പനികളും ഇടപെടണമെന്ന് ഭാരവാഹികളായ വി. സുനുകുമാർ, ഫ്രാൻസിസ്, ആർ. മോഹൻകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.