വ്യത്യസ്തയിടങ്ങളിൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കുളങ്ങളിൽ വീണ് തിരുവനന്തപുരം സ്വദേശികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആതിൽമുഹമ്മദ് (12), രാഹുൽ (16) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെയും മൃതദേഹങ്ങൾ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ആദ്യ സംഭവത്തിൽ ആതിൽ മുഹമ്മദ് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഭൂതപാണ്ടിക്ക്​ സമീപം തിട്ടുവിളയിൽ വന്നിരുന്നു. ശനിയാഴ്ച കുട്ടിയെ കാണാനില്ലെന്ന വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ തിട്ടുവിളയിൽ മണതട്ട കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. തുടർന്ന് ഭൂതപാണ്ടി പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ ആതിൽ മുഹമ്മദാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടാമത്തെ സംഭവത്തിൽ രാഹുൽ പാപ്പനംകോട് സ്വദേശിയാണ്​. ഇരണിയലിൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കുടുംബത്തോടൊപ്പം എത്തിയതാണ്. ഞായറാഴ്ച ബന്ധുവീടിന്റെ സമീപത്തെ കുളത്തിൽ എല്ലാവരും കുളിക്കുന്നതിനിടയിലാണ് രാഹുൽ അപകടത്തിൽപെട്ടത്. തിങ്കൾചന്തയിലെ അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇരണിയൽ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.