തിരുവനന്തപുരം: കാടിന്‍റെ വന്യതയും പ്രകൃതിയുടെ മനോഹാരിതയും കാണാൻ കാടുകയറേണ്ട കാര്യമില്ല, മ്യൂസിയം ഓഡിറ്റോറിയത്തിൽ എത്തിയാൽ നിങ്ങൾക്ക് അത് ആസ്വദിക്കാനാകും. ഒരു കൂട്ടം പ്രകൃതിസ്നേഹികൾ നടത്തിയ വിവിധ വനയാത്രകളിൽ ഒപ്പിയെടുത്ത മനോഹരദൃശ്യങ്ങളുടെ ഈ പ്രദർശനം വനത്തിലൂടെയുള്ള സഞ്ചാരത്തിന്‍റെ അനുഭവമാണ് കാഴ്ചക്കാർക്ക് നൽകുന്നത്. ജീവിതത്തിന്‍റെ വിവിധ മേഖലകളിലുള്ള ആറ് സുഹൃത്തുക്കൾ വിഭാവനം ചെയ്തതാണ് 'ബീറ്റ്സ് ഓഫ് നേച്ചർ' എന്ന ചിത്രപ്രദർശനം. ഹെർപറ്റോളജിസ്റ്റും സൊസൈറ്റി ഓഫ് ഓഡോനറ്റ് സ്റ്റഡീസിന്‍റെ എക്സിക്യൂട്ടിവ് അംഗവുമായ സുജിത്.വി ഗോപാലൻ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ ബിജുലാൽ എം.ഡി, അമൃത ടിവി ക്യാമറാമാനായ പ്രദീപ് വാളത്തുങ്കൽ, പ്രഫഷനൽ ഫോട്ടോഗ്രാഫറായ തോംസൺ സോബുരോജ്, കൺസ്ട്രഷൻ കമ്പനി പാർട്ണറായ സുരേഷ് കുറുപ്പ്, ഇ.എസ്.ഐ.സി അസിസ്റ്റന്റ് ഡയറക്ടർ പി.ബി. ബിജു എന്നിവർ തങ്ങളുടെ യാത്രകളിൽ കാമറകളിൽ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവിടെ പ്രദർശിപ്പിക്കുന്നത്. മേയ് നാലിന് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സഞ്ചയൻ കുമാർ ഉദ്ഘാടനം ചെയ്ത പ്രദർശനം ഇന്ന് സമാപിക്കും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. തിരക്കിനിടയിലും സമയം കണ്ടെത്തി പല കാലങ്ങളിലായി നടത്തിയ സഞ്ചാരങ്ങളിൽനിന്ന് അവരെടുത്ത ആയിരത്തിലധികം ചിത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 50ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. ഫോട്ടോഗ്രാഫിയും യാത്രയും ഏറെ ഇഷ്ടപ്പെടുന്നവർ കേരളത്തിന് പുറമെ അസം, സിക്കിം, തമിഴ്നാട്, ബിഹാർ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ വനങ്ങളിൽനിന്നുള്ള വൈവിധ്യമായ ദൃശ്യങ്ങളാണ് ക്യാമറക്കണ്ണുകളിൽ പകർത്തിയിട്ടുള്ളത്. കാഴ്ചക്ക് കൗതുകം പകരുന്നതിന് പുറമെ വരുംതലമുറക്ക് വിജ്ഞാനപ്രദവും പ്രകൃതിസംരക്ഷണത്തിന്‍റെ പ്രാധാന്യം പകർന്ന് നൽകുന്നതുമായ ലക്ഷ്യത്തോടെയാണ് പ്രദർശനം ഒരുക്കിയതെന്ന് സുഹൃത്സംഘം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.