മനുഷ്യക്കടത്ത് കേസ്​: കുളത്തൂപ്പുഴ സ്വദേശിനിയെ തമിഴ്​നാട്​ ക്യുബ്രാഞ്ച്​ അറസ്​റ്റ്​ ചെയ്തു

കുളത്തൂപ്പുഴ: കാനഡയിലേക്ക്​ മനുഷ്യക്കടത്തിന്​ ബോട്ട്​ വാങ്ങി നൽകി എന്ന കേസിൽ കുളത്തൂപ്പുഴ സ്വദേശിനി ഈശ്വരിയെ (49) തമിഴ്​നാട്​ ക്യുബ്രാഞ്ച്​ അറസ്റ്റ്​ ചെയ്തു. 2021ൽ തിരുനൽവേലി പെരുമാൾപുരം ശ്രീലങ്കൻ റഫ്യുജി ക്യാമ്പിൽനിന്ന് ഈശ്വരിയുടെ ബന്ധുവായ കരുണാനിധിയുടെ നേതൃത്വത്തിൽ 80 പേർ കാനഡയിലേക്ക് പോയ കേസിലാണ് അറസ്റ്റ്. ഇതിനായി ഉപയോഗിച്ച ബോട്ട്​ ഈശ്വരി വാങ്ങി കൈമാറിയെന്നാണ് ക്യുബ്രാഞ്ച്​ അന്വേഷണറിപ്പോർട്ട്​. ശ്രീലങ്കൻ അഭയാർഥി ആയതിനാൽ തനിക്ക് ബോട്ട് വാങ്ങാൻ കഴിയില്ലെന്നും കാനഡയിലേക്ക് കടക്കാൻ ബോട്ട് വാങ്ങാൻ സഹായിക്കണമെന്നും അടുത്ത ബന്ധുവായ ഈശ്വരിയോട് മുഖ്യപ്രതി കരുണാനിധി ആവശ്യപ്പെടുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു​. തുടർന്നാണ് ഈശ്വരിയെ ഏഴാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. കുളച്ചലിൽനിന്ന് കാനഡയിലേക്ക് രക്ഷപ്പെടുകയായിരുന്ന സംഘത്തെ ഡീഗോഗാർഷ്യ ദ്വീപിൽവെച്ച് ബ്രിട്ടീഷ് നാവികസേന പിടികൂടി ദ്വീപിലെ ജയിലിലടച്ചതായാണ് വിവരം. താൻ നിരപരാധിയാണെന്നും മനുഷ്യക്കടത്തിനാണ് ബോട്ട് വാങ്ങുന്നതെന്ന് അറിയില്ലായിരുന്നെന്നുമാണ്​ ഈശ്വരി ആദ്യം മൊഴിനൽകിയത്​. ബോട്ട് കാണാനില്ലെന്ന് ഇടനിലക്കാരനായിരുന്ന ജോസഫ് തമിഴ്നാട് പൊലീസിന് പരാതി നൽകിയതിനെതുടർന്ന് ക്യു ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്​. നീണ്ടകരയിൽനിന്ന് രാമേശ്വരത്തെത്തിച്ച ബോട്ടിൽ ഡീസൽ ടാങ്കിന്‍റെ സംഭരണശേഷി കൂട്ടിയെന്നും 50 പേർക്ക് ഇരിപ്പിടം ഒരുക്കിയെന്നും ക്യുബ്രാഞ്ചിന് തെളിവുകൾ ലഭിച്ചു. 1982ൽ ശ്രീലങ്കയിൽനിന്ന് അഭയാർഥികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ ആർ.പി.എൽ എസ്റ്റേറ്റിൽ എത്തിയതാണ്​ ഈശ്വരി. ആര്‍.പി.എല്‍ ചന്ദനക്കാവ് രമണി ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയായ ഇവരെ ഇരണിയൽ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. തക്കല വനിത ജയിലിലേക്ക് അയച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.