ദേശീയപാത നിർമാണ കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

മംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് ടാർ മിക്സിങ് യൂനിറ്റ് നിർമിക്കുന്നെന്ന്​ ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. മംഗലപുരം തോന്നയ്ക്കൽ വെയിലൂരിലാണ് നാട്ടുകാർ ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ച് പ്രതിഷേധിച്ചത്. വെട്ടുറോഡ് മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാതയുടെ നിർമാണ കരാർ ഏറ്റെടുത്ത ആർ.ഡി.എസ് കമ്പനിയാണ് മംഗലപുരം വെയിലൂരിൽ ആറര ഏക്കർ സ്ഥലം സ്വകാര്യ വ്യക്തിയിൽനിന്ന്​ 30 മാസത്തെ വാടകക്ക്​ എടുത്തത്. ഈ സ്ഥലത്ത് ടാർ മിക്സിങ് യൂനിറ്റ് തുടങ്ങുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. സ്ഥലത്തിന് തൊട്ടടുത്ത്​ ഭിന്നശേഷി കുട്ടികൾക്കുള്ള സ്കൂൾ, അംഗൻവാടി, വീടുകൾ എന്നിവ പ്രവർത്തിക്കുന്നെന്ന്​ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചു. ശനിയാഴ്ച രാവിലെ ഏറ്റെടുത്ത സ്ഥലം വൃത്തിയാക്കാൻ വന്ന ജെ.സി.ബിയും യന്ത്രങ്ങളും നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് മംഗലപുരം പൊലീസ് എത്തി നിർമാണപ്രവർത്തനങ്ങൾ നിർത്തി​െവക്കാൻ ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുക്കുമ്പോൾ നാട്ടുകാർ പ്രതിഷേധിച്ചതിനെതുടർന്ന്​ ആർ.ഡി.എസ് കമ്പനി ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ സ്ഥലത്ത് നിർമാണം തുടരാനും പ്രശ്നമുണ്ടായാൽ നിർമാണ കമ്പനിക്ക് പൊലീസ് സംരക്ഷണം ലഭ്യമാക്കാനും ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ടാർ മിക്സിങ് പ്ലാന്റ് നിർമിക്കുന്നില്ലെന്നും ദേശീയപാത നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ, മെഷീനുകൾ, കോൺക്രീറ്റ് മെഷീൻ, ടെസ്റ്റിങ്​ ലാബ് എന്നിവ ഒരുക്കുക മാത്രമാണ്​ ഇവിടെ ചെയ്യുന്നതെന്നും കമ്പനി അധികൃതർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.