പ്ലസ്​ടു: കെമിസ്​ട്രിയിൽ വിജയവും എ പ്ലസും കുറഞ്ഞു

തിരുവനന്തപുരം: ചോദ്യപേപ്പറും ഉത്തരസൂചികയും വിവാദത്തിലായ പ്ലസ്​ ടു കെമിസ്​ട്രി പരീക്ഷയിൽ വിജയശതമാനവും എ പ്ലസുകാരുടെ എണ്ണവും കുറഞ്ഞു​. കെമിസ്​ട്രിയിൽ 1,80,900 പേർ പരീക്ഷയെഴുതിയതിൽ 1,61,254 പേരാണ്​ വിജയിച്ചത്​. വിജയശതമാനം 89.14. കഴിഞ്ഞവർഷം ഇത്​ 93.24 ശതമാനമായിരുന്നു. കഴിഞ്ഞവർഷം കെമിസ്​ട്രിയിൽ എ പ്ലസ്​ നേടിയവരുടെ എണ്ണം 64,308 പേരുണ്ടായിരുന്നത്​ ഇത്തവണ പകുതിയിലേറെ കുറഞ്ഞ്​ 30,615 ആയി. കഴിഞ്ഞവർഷം 1,78,158 പേർ കെമിസ്​ട്രി പരീക്ഷ എഴുതിയതിൽ 1,66,121 പേരും വിജയിച്ചിരുന്നു. കെമിസ്​ട്രി മൂല്യനിർണയത്തിനായി 12 അധ്യാപകർ അടങ്ങിയ സമിതി തയാറാക്കിയ ഉത്തരസൂചിക കുട്ടികൾക്ക്​ അനർഹമായി മാർക്ക്​ നൽകാൻ ലക്ഷ്യമിട്ടുള്ളതാണെന്ന്​ കാണിച്ച്​ ഹയർസെക്കൻഡറി പരീക്ഷ വിഭാഗം തള്ളുകയും ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകൻ സമർപ്പിച്ച സൂചിക മൂല്യനിർണയത്തിനായി നൽകുകയും ചെയ്തത്​ വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച്​ കെമിസ്​ട്രി അധ്യാപകർ മൂല്യനിർണയം ബഹിഷ്​കരിച്ചു. ഒടുവിൽ 15 അംഗ വിദഗ്​ധ സമിതിയെ നിയോഗിച്ച്​ വിദ്യാഭ്യാസ വകുപ്പ്​ ഉത്തരസൂചിക പരിശോധിക്കുകയും പുതിയത്​ തയാറാക്കുകയുമായിരുന്നു. ഇതുപ്രകാരമാണ്​ പിന്നീട്​ മൂല്യനിർണയം നടത്തിയത്​. കെമിസ്​ട്രി വിജയത്തിലുണ്ടായ കുറവ്​ സ്വാഭാവികമാണെന്നും മാത്​സിലും സമാന കുറവുണ്ടായിട്ടുണ്ടെന്നുമായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ മറുപടി. ഫിസിക്സിൽ കഴിഞ്ഞ വർഷം 92.93 ശതമാനം വിജയമുണ്ടായിരുന്നത്​ ഇത്തവണ 92.4 ശതമാനമായി. മാത്​സിൽ കഴിഞ്ഞവർഷം 93.43 ശതമാനമുണ്ടായിരുന്നത്​ ഇത്തവണ 88.91 ശതമാനമായി കുറഞ്ഞു. ബയോളജിയിൽ കഴിഞ്ഞവർഷം 96.56 ശതമാനവും ഈ വർഷം 95.36 ശതമാനവുമാണ്​ വിജയം. ഇംഗ്ലീഷിൽ കഴിഞ്ഞവർഷം 92.61 ശതമാനമുണ്ടായിരുന്നത്​ ഇത്തവണ 83.87 ശതമാനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.