വടക്കാഞ്ചേരി: വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർഥികളെ കയറ്റാതെ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ പരാതിയുമായി ഒരു കൂട്ടം വിദ്യാർഥികൾ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി. രാവിലെ 7.30 മുതൽ 8.20 വരെയുള്ള സമയത്ത് വടക്കാഞ്ചേരി സ്റ്റാൻഡിൽ നിന്ന് തിരൂർ, തൃശൂർ, ഭാഗത്തേക്കുള്ള സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളെയാണ് ബസുകളിൽ കയറ്റാതെ ബുദ്ധിമുട്ടിക്കുന്നത്. പിൻഭാഗത്തെ വാതിൽ അടച്ചിട്ട് കണ്ടക്ടർമാർ തടഞ്ഞുനിർത്തിയാണ് ക്രൂരത കാണിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ഇതേ സ്റ്റാൻഡിൽ നിന്ന് ബസിൽ കയറ്റാത്തതിനെ തുടർന്ന് വിദ്യാർഥികൾ ജീവനക്കാർക്ക് മുന്നിൽ കൈകൂപ്പി തൊഴുത സംഭവം ഏറെ ചർച്ചയായിരുന്നു. തുടർന്ന് കുറച്ച് ദിവസം മാന്യമായാണ് ബസ് ജീവനക്കാർ പെരുമാറിയിരുന്നത്.
എന്നാൽ, ഇപ്പോൾ വീണ്ടും പ്രശ്നം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ രാവിലെ 7.30 മുതൽ 8.45 വരെ നിന്നിട്ടും 11 വിദ്യാർഥികൾക്ക് സ്കൂളുകളിൽ പോകാൻ കഴിയാതെ തിരിച്ച് വീടുകളിലേക്ക് മടങ്ങേണ്ടി വന്നു. നിയമം ലംഘിക്കുന്ന ബസുകളുടെ പേരുകൾ സഹിതമാണ് വിദ്യാർഥികളും, രക്ഷിതാക്കളും പരാതി നൽകിയത്.
എം.വി.ഡി ഉദ്യോഗസ്ഥരെയയും വടക്കാഞ്ചേരി പൊലീസിലും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരും, പൊലീസും ബസ് ജീവനക്കാർക്ക് താക്കീത് നൽകി. തുടർന്നും പരാതിയുണ്ടായാൽ കർശന നടപടിയുമായി മുന്നോട്ടു പോകുമെന്നും, ഡ്രൈവറുടേയും, കണ്ടക്ടറുടേയും ലൈസൻസ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുമെന്നും എം.വി.ഡി ഉദ്യോഗസ്ഥരായ ഷീബ, സെന്തിൽ എന്നിവർ ജീവനക്കാരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.