കുറുക്കൻപാറയിൽ മൂന്നു പേർ മരിച്ച വാഹനാപകടം: മുഖ്യപ്രതിയെ ജാമ്യത്തിലിറക്കാൻ എത്തിയ നേതാക്കൾക്ക് കോൺഗ്രസിൽ വിലക്ക്

കുന്നംകുളം: കുറുക്കൻപാറയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതിയെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലെത്തിയ കോൺഗ്രസ് നേതാക്കൾക്ക് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്ക്. ഡി.സി.സി സെക്രട്ടറി ബിജോയ് ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സി.ബി. രാജീവ് എന്നിവർക്കെതിരെയാണ് ആർത്താറ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കടുത്ത നിലപാട് സ്വീകരിച്ചത്. ഇവർക്കെതിരെ ജില്ല നേതൃത്വത്തിനും കെ.പി.സി.സിക്കും പരാതി നൽകാനും തീരുമാനിച്ചു.

ബിജോയ് ബാബുവിന്റെ താമസസ്ഥലമായ ആർത്താറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പരാതിയെ തുടർന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. ഇരുവരെയും മണ്ഡലം കമ്മിറ്റിയുടെ യാതൊരു പരിപാടികളിലും പങ്കെടുപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വാഹനാപകട കേസിൽ മുഖ്യപ്രതിയായ ആർത്താറ്റ് അയ്യംകുളങ്ങര ബെന്നിനെ രണ്ട് ദിവസത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത് അഡ്വ. സി.ബി. രാജീവ് ആയിരുന്നുവെന്ന് ആക്ഷേപമുണ്ട്.

പ്രതിയുടെ പിതാവ് കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. കോൺഗ്രസ് അനുഭാവി പോലുമല്ലാത്ത വ്യക്തിക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ സ്റ്റേഷനിൽ പോയതാണ് പ്രതിഷേധത്തിനിടയാക്കിയത്. മണ്ഡലം പ്രസിഡന്റ് വി.കെ. അബ്ദുൽ ഹമീദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

മണ്ഡലം മുൻ പ്രസിഡന്റുമാരായ എം.എസ് സുഗുണൻ, ടി.എം. വിജയൻ, മണ്ഡലത്തിലെ നഗരസഭ കൗൺസിലർമാരായ ലെബീബ് ഹസൻ, മിഷ സെബാസ്റ്റ്യൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ അഞ്ചിന് അർധരാത്രിയോടെയാണ് കുറുക്കൻ പാറയിൽ കാറിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ ദമ്പതികൾ മരിച്ചത്. മദ്യലഹരിയിലുള്ള സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ഈ കേസിൽ കാറിലുണ്ടായിരുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാർ ഓടിച്ചിരുന്ന മുഖ്യപ്രതി ബെൻ ഇപ്പോഴും റിമാൻഡിലാണ്. ഇയാൾ വിദേശത്ത് നിന്ന് ആർത്താറ്റ് പള്ളി പെരുന്നാൾ ആഘോഷത്തിന് നാട്ടിൽ എത്തിയതായിരുന്നു.

Tags:    
News Summary - Kurukkanpara Crash: Congress Bans Leaders Who Sought Bail for Accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.