പാലപ്പിള്ളി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം
ആമ്പല്ലൂർ: പാലപ്പിള്ളി ചക്കിപ്പറമ്പ് ആദിവാസി ഉന്നതിയിലും പ്രദേശത്തെ പറമ്പുകളിലും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. രണ്ട് ദിവസമായി മേഖലയിൽ ഭീതിപരത്തുന്ന ആനക്കൂട്ടത്തെ കാടുകയറ്റാൻ വനപാലകർ നടപടിയെടുക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
മലമ്പതി പ്രദേശത്തെ പറമ്പുകളിലും ആദിവാസി ഉന്നതിയിലുമാണ് ആനക്കൂട്ടം നാശം വിതച്ചത്. വാഴ, കവുങ്ങ്, തെങ്ങ്, പച്ചക്കറി എന്നിവയെല്ലാം കാട്ടാനകൾ പിഴുതെറിഞ്ഞ നിലയിലാണ്. കുമ്പളപ്പറമ്പിൽ ഇബ്രാഹിം, കളത്തിങ്കൽ ഡേവീസ്, ചീനിക്കൽ റഷീദ് എന്നിവരുടെ പറമ്പിലാണ് ആനകൾ ഇറങ്ങിയത്. സോളാർ വേലി തകർത്താണ് ആനക്കൂട്ടം വീട്ടുപറമ്പിലേക്ക് എത്തുന്നത്.
ഒരു മാസത്തിനിടെ പല തവണകളിലാണ് ഇവരുടെ പറമ്പുകളിൽ ആനകളെത്തി കൃഷി നശിപ്പിച്ചത്. രാത്രികളിൽ പറമ്പുകളിൽ തമ്പടിക്കുന്ന ആനകളെ പടക്കം പൊട്ടിച്ചാണ് നാട്ടുകാർ കാടുകയറ്റുന്നത്. വൈകിട്ടാകുന്നതോടെ ഉന്നതിയിലേക്കുള്ള റോഡിലും റബ്ബർ തോട്ടങ്ങളിലും ആനകൾ നിലയുറപ്പിക്കുന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ വീടുകളിൽ എത്തുന്നത് ഭീതിയോടെയാണ്. കാട്ടാന ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ പറ്റാതെയായെന്ന് ഉന്നതി നിവാസിയായ പുഷ്പൻ പറയുന്നു.
ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടത്തെ കാടുകയറ്റാൻ ആവശ്യത്തിന് വാച്ചർമാരെയും ആർ.ആർ.ടി അംഗങ്ങളെയും നിയോഗിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വനാതിർത്തിയിൽ ട്രഞ്ചുകൾ തീർത്ത് കാട്ടാനകളെ തടയണമെന്ന ആവശ്യത്തിന് വനംവകുപ്പ് നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.