കള്ളൻ ലൈവായി വീട്ടുടമയുടെ ഫോണിൽ; വീടുവളഞ്ഞ് പൊലീസ്, വലയിൽ കുടുങ്ങി സ്പൈഡർ സാബു

കൊടുങ്ങല്ലൂർ: വടക്കേനടയിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തുന്നതിനിടെ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി വെങ്ങുരുക്കുന്നു സ്പൈഡർ സാബു എന്ന പ്ലാമൂട്ടിൽ സാബു (55) ആണ് പിടിയിലായത്. വടക്കേനട ചാണയിൽ രാജീവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഞായറാഴ്‌ച രാത്രി 11ഓടെയായിരുന്നു സംഭവത്തിന്റെ തുടക്കം. സമീപത്ത് നിന്ന് കമ്പിപ്പാരയെടുത്ത് വീടിന്റെ പിൻഭാഗത്തെ ജനൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. സി.സി.ടി.വി കാമറ സ്ഥാപിച്ചിരുന്നത് അറിയാതിരുന്ന മോഷ്ടാവ് കെണിയിൽ അകപ്പെടുകയായിരുന്നു. മോഷണദൃശ്യങ്ങൾ എറണാകുളത്തുള്ള രാജീവിന്റെ മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ടു. ദൃശ്യങ്ങൾ കണ്ട് വീട്ടുടമ കൊടുങ്ങല്ലൂർ പൊലീസിൽ വിവരം അറിയിച്ചു.

എസ്.ഐ അതുൽ മോഹൻ, ജി.എസ്.ഐ സജീവ്, ഡി.വി.ആർ സി.പി.ഒ അമൽദേവ്, സി.പി.ഒമാരായ ജാബിർ, മുഹീബ് റഹ്മാൻ എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി. മെയിൻ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നതിനാൽ പൊലീസ് സംഘം മതിൽ ചാടിക്കടന്ന് വീട് വളഞ്ഞു. വീടിന്റെ മുകൾ നിലയിൽ വെളിച്ചം കണ്ടതോടെ കള്ളൻ അകത്തുണ്ടെന്ന് ഉറപ്പുവരുത്തിയ പൊലീസ്, പ്രതി രക്ഷപ്പെടാതിരിക്കാൻ അതീവ ജാഗ്രതയോടെ കാത്തുനിന്നു. പിൻവശത്തെ ജനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ച പ്രതിയെ പൊലീസ് വീട്ടിൽ നിന്നെടുത്ത 5850 രൂപ സഹിതം കൈയോടെ പിടികൂടുകയായിരുന്നു.

സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയായ സ്പൈഡർ സാബു എന്ന സാബു ആണെന്ന് വ്യക്തമായത്. ആളൊഴിഞ്ഞ വീടുകൾ നോട്ടമിട്ട് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

സാബു കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ചക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, കുന്നംകുളം, വയനാട് ബത്തേരി, കോഴിക്കോട് ഫറോക്ക്, പന്നിയങ്കര, നല്ലളം, ചെമ്പോല, എറണാകുളം കുന്നത്ത്നാട് പൊലീസ് സ്റ്റേഷൻ പരിധികളിലായി 12 മോഷണക്കേസുകളിലും അടക്കം പതിമൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Burglar caught live on phone, Spider Sabu arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.