തൃശൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞമാസമുണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ച ബൈക്കുകൾ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ 332 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചിട്ട് ബുധനാഴ്ച ഒരുമാസം പിന്നിടുമ്പോൾ നിസ്സഹായരായി വാഹന ഉടമകൾ. റെയിൽവേയുടെ അംഗീകൃത പാർക്കിങ് സ്ഥലത്ത് നിശ്ചിത ഫീസടച്ച് സൂക്ഷിക്കാനേൽപ്പിച്ച വാഹനങ്ങൾ അഗ്നിക്കിരയായിട്ടും അതിന്റെ ഉത്തരവാദിത്തമേൽക്കാൻ ആരും തയാറാകുന്നില്ല. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും നഷ്ടപരിഹാരം ലഭിക്കുമോയെന്നുപോലും അറിയാതെ ഉഴലുകയാണ് വാഹനഉടമകൾ. അടിയന്തര നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാറോ രാഷ്ട്രീയകക്ഷികളോ വിഷയത്തിൽ ഇടപെടുന്നുമില്ല. അതേസമയം, ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് സംഭവദിവസം സ്ഥലം സന്ദർശിച്ച ഡി.ജി.പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും മന്ത്രി കെ. രാജൻ അടക്കമുള്ളവരും ഒരേസ്വരത്തിൽ പറയുകയും ചെയ്തതാണ്.
റെയിൽവേയുടെ ഇലക്ട്രിക് ലൈനിൽനിന്ന് ബൈക്കിന് മുകളിൽ വീണ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ, പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിൽനിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.
അഗ്നിശമന ഉപകരണങ്ങൾ പാർക്കിങ് സ്ഥലത്ത് ഉണ്ടായിരുന്നതുമില്ല. ഇക്കാര്യത്തിൽ കരാറുകാർക്ക് വീഴ്ചയുണ്ടായി. സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കേണ്ട അധികൃതർ അക്കാര്യം നിറവേറിയിട്ടുമില്ല. പാർക്കിങ് ഏരിയയിൽ അനുമതിയില്ലാതെയാണ് ഷെഡ് നിർമിച്ചതെന്ന് കോർപറേഷൻ വ്യക്തമാക്കിയെങ്കിലും അനുമതിയുടെ ആവശ്യമില്ലെന്നാണ് റെയിൽവേ പറയുന്നത്. റെയിൽവേ പരസരത്തെ നിർമാണപ്രവർത്തനങ്ങൾക്ക് മുനിസിപ്പൽ ബിൽഡിങ് നിയമങ്ങളുടെ പരിധിയിൽ വരില്ലെന്നാണ് വാദം. ഇക്കാര്യത്തിൽ കോർപറേഷൻ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ചെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു. എന്നാൽ, നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി റെയിൽവേക്ക് വീണ്ടും നോട്ടീസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ തുടർന്ന് സംഭവിച്ച ദുരന്തം ആയതിനാൽ, അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിക്കാതെ മാനുഷിക പരിഗണനകൂടി കണക്കിലെടുത്ത് ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ഇരുചക്രവാഹന ഉടമകളുടെ ആവശ്യം. അതിനിടെ, ദുരന്തം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കത്തിനശിച്ച വാഹനങ്ങളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. റെയിൽവേ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.