മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ എം.എൽ.എമാരും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗം
തൃശൂർ: വൈദ്യുതി തടസ്സം ജനങ്ങളെ കൃത്യസമയത്ത് അറിയിക്കുന്നതിന് ഓരോ സെക്ഷൻ പരിധിയിലും ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്‌സ് ആപ് ഗ്രൂപ്പുകൾ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് സൗഹാർദപരമായി പെരുമാറാൻ ജീവനക്കാർ ശ്രദ്ധിക്കണം. ഫോൺ കോളുകളോട് പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകരുത്. വൈദ്യുതി തടസ്സങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ കെ.എസ്.ഇ.ബി ജാഗ്രത പുലർത്തണം. ജനപ്രതിനിധികളുടെ സഹായത്തോടെ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കായി നിരന്തരം വൈദ്യുതി സുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.
വൈദ്യുതി ഉൽപാദന, വിതരണ, പ്രസരണ മേഖലകളിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതികൾ കൂടുതൽ സജീവമാക്കണമെന്ന് മന്ത്രി നിർദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ അവലോകന യോഗങ്ങൾ വിളിക്കാൻ എം.എൽ.എമാർ മുൻകൈ എടുക്കണം. എം.എൽ.എ ചെയർപേഴ്സനും എക്സിക്യൂട്ടിവ് എൻജിനീയർ കൺവീനറുമായ സമിതി മണ്ഡലതലത്തിലെ പ്രവൃത്തികൾ കൃത്യമായി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വൈദ്യുതി ക്ഷാമത്തിന് പരിഹാരമായി സോളാർ പാനലുകൾ സ്ഥാപിക്കാൻ പൊതുജനങ്ങൾ തയ്യാറാകുന്നുണ്ടെങ്കിലും, ട്രാൻസ്ഫോർമറുകളുടെ കുറവ് മൂലം കെ.എസ്.ഇ.ബിയിൽ നിന്ന് അനുമതി ലഭിക്കുന്നില്ലെന്ന പരാതി എം.എൽ.എമാർ ഉന്നയിച്ചു. ആയിരത്തിലധികം പുതിയ ട്രാൻസ്ഫോർമറുകൾ വാങ്ങിയിട്ടുണ്ടെന്നും ഇവ ആറുമാസത്തിനകം സ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. ഇതോടെ സോളാർ പാനലുകൾ കണക്ട് ചെയ്യാനുള്ള ശേഷി വർധിക്കുമെന്നും അവർ മറുപടി നൽകി.
മലക്കപ്പാറയിലെ രൂക്ഷമായ വൈദ്യുതി പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. നിലവിൽ പരിയാരത്ത് നിന്ന് വനത്തിലൂടെ 60 കിലോമീറ്റർ ലൈൻ വലിച്ചാണ് മലക്കപ്പാറയിൽ വൈദ്യുതി എത്തിക്കുന്നത്. അതിരപ്പിള്ളി കേന്ദ്രീകരിച്ച് പുതിയ സബ് റീജനൽ ഓഫിസ് വന്നാൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ പെരിങ്ങൽക്കൂത്തിലും ഷോളയാറിലും ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ നവീകരിച്ച് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമോ എന്നതിന്റെ സാധ്യത പരിശോധിക്കാൻ വനംവകുപ്പുമായി ചർച്ച നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
ദേശീയപാത അതോറിറ്റി, പി.ഡബ്ല്യു.ഡി ഉൾപ്പെടെ മറ്റ് സർക്കാർ വകുപ്പുകളുമായി ഏകോപനം ആവശ്യമുള്ള പ്രവൃത്തികളിലെ തടസ്സങ്ങൾ നീക്കാൻ കലക്ടർ പ്രത്യേക യോഗം വിളിക്കണമെന്ന് മന്ത്രി നിർദേശിച്ചു. എം.എൽ.എമാരായ രാജൻ ജെ. പല്ലൻ, സനീഷ് കുമാർ ജോസഫ്, കെ. രാജൻ, സി. രവീന്ദ്രനാഥ്, എൻ.കെ. അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രൻ, യു.ആർ. പ്രദീപ്, മേയർ ഡോ. നിജി ജസ്റ്റിൻ, കലക്ടർ ശിഖ സുരേന്ദ്രൻ, കെ.എസ്.ഇ.ബി ഡയറക്ടര്‍ എം.പി രാജന്‍, ചീഫ് എൻജിനീയർമാരായ കെ. ദിനേഷ്, ഷാജി സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.