അന്തിക്കാട്: തൃപ്രയാറിൽ കാർ തടഞ്ഞുനിർത്തി 16.25 ലക്ഷം രൂപയും ലക്ഷം രൂപ വില വരുന്ന ഐഫോണും കവർന്ന കേസിൽ ഒളിവിലായിരുന്ന ഒരു പ്രതിയെക്കൂടി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു. പീച്ചി മയിലാടുംപാറ കോലയിൽ അലൻ കെ. ജയൻ (20) ആണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ബംഗളൂരുവിൽ നഴ്‌സിങ് പഠിക്കുന്ന അലൻ രണ്ടാം പ്രതി ഷനിൽ എന്ന കണ്ണന്റെ മുഖ്യ സഹായിയാണ്. കവർച്ചാസംഘം സംഭവസ്ഥലത്തേക്ക് എത്തിയ ഇന്നോവ കാറിന്റെ വാടകത്തുക ഷനിലിന്റെ നിർദേശപ്രകാരം നൽകിയത് അലൻ ആണ്. കവർച്ചക്ക് ശേഷം ഷനിൽ ഒളിവിൽ കഴിഞ്ഞപ്പോൾ ഇയാളെ നേരിട്ട് കാണുകയും താമസസൗകര്യവും സാമ്പത്തിക സഹായങ്ങളും ചെയ്തു കൊടുത്തതായും അലൻ സമ്മതിച്ചു. ഷനിലടക്കമുള്ള എല്ലാ പ്രതികളെയും ഉടൻ പിടികൂടുമെന്നും ക്രിമിനലുകളെ സഹായിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും റൂറൽ എസ്.പി അറിയിച്ചു.
ജൂൺ 19ന് രാത്രി 8.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. സമൂഹമാധ്യമം വഴി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ് ഡോളർ ആക്കി നൽകാമെന്ന് വിശ്വസിപ്പിച്ച്, ഫിനാൻസ് എക്സ്ചേഞ്ച് വഴി ക്രിപ്റ്റോ ട്രേഡിങ് നടത്തുന്ന പാലക്കാട് സ്വദേശികളെ പ്രതികൾ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ദുബൈയിലുള്ള നബീലിന്റെ ബിനാൻസ് വാലറ്റിലേക്ക് യു.എസ് ഡോളർ ക്രെഡിറ്റ് ചെയ്യുന്നതിന് പകരമായി കൈമാറാൻ 16,25,000 രൂപയുമായി പാലക്കാട് വിളയൂർ സ്വദേശികളായ മുഹമ്മദ് റാഫി, മുഹമ്മദ് അസ്‍ലം, അജിത്ത് കുമാർ, അബ്ദുൽ മജീദ് എന്നിവരാണ് കാറിലെത്തിയത്. കവർച്ചാ സംഘത്തിലെ രണ്ട് പ്രതികൾ പാലക്കാട്ട് നിന്ന് ഇവരുടെ കാറിൽ ഒപ്പം കയറിയിയിരുന്നു.
ഈ കാർ തൃപ്രയാർ ക്ഷേത്രം വഴി പൈനൂർ ആമലത്ത് അമ്പലത്തിന് സമീപം എത്തിയപ്പോൾ മറ്റു പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ കുറുകെ നിർത്തി തടഞ്ഞു. ഈ സമയം കാറിലുണ്ടായിരുന്ന രണ്ട് പ്രതികൾ പാലക്കാട് സ്വദേശികളുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച ശേഷം പുറത്തിറങ്ങി. തൊട്ടുപിന്നാലെ ഇന്നോവ കാറിൽ വന്ന മറ്റ് സംഘാംഗങ്ങൾ കാറിന്റെ ചില്ലുകൾ തല്ലിത്തകർക്കുകയും ഉള്ളിലുണ്ടായിരുന്നവരെ വാളുകൊണ്ട് വെട്ടിയും കമ്പിവടികൊണ്ട് അടിച്ചും ക്രൂരമായി പരിക്കേൽപ്പിച്ച് പണവും ഫോണും കവർന്ന് രക്ഷപ്പെടുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട ഡിവൈ. എസ് പി സന്തോഷ് കുമാർ, അന്തിക്കാട് എസ്.എച്ച്.ഒ വി.എം. കേഴ്സൺ, എസ്.ഐമാരായ എം. അഫ്സൽ, പി. ജയകൃഷ്ണൻ, ജി.എ.എസ്.ഐ പി.വി. രാജു, ജി.എ.എസ്.ഐ ഇ.എസ്. ജീവൻ, ജി.എസ്.സി.പി.ഒ പി.എക്സ്. സോണി, ജി.എസ്.സി.പി.ഒ കൃഷ്ണദാസ്, സി.പി.ഒ സുർജിത് സാഗർ എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.