സിബിയും അലീനയും
പഴഞ്ഞി (തൃശൂർ): കൂട്ടആത്മഹത്യയുടെ ദാരുണവാർത്തയറിഞ്ഞാണ് ഇന്ന് രാവിലെ അഞ്ചരയോടെ പഴഞ്ഞി ഗ്രാമം ഉണർന്നത്. അരുവായി എം.ഡി കോളജിന് സമീപം കുടുംബത്തിലെ നാലുപേരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിൽ ഗൃഹനാഥനും മകളും മരിച്ചു. അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മ ഗുരുതരാവസ്ഥയിൽ തുടരുന്നു.
അരുവായി മടിക്കനായ്ക്കൽ ജോസഫിന്റെ മകൻ സിബി (51), മകൾ അലീന (20) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന (42), മകൻ ആദിത്യൻ (18) എന്നിവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബീന തീവ്രപരിചരണ വിഭാഗത്തിലാണ്.
ഖത്തറിൽ ഡിസൈനറായി ജോലി ചെയ്യുന്ന സിബി ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. സിബിയുടെ വിദേശത്തെ ജോലി നഷ്ടപ്പെട്ടെന്നും ഇത് സംബന്ധിച്ച മനോവിഷമവും സാമ്പത്തികബാധ്യതയുമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമികമായി പറയപ്പെടുന്നത്. ‘ജീവിതം മടുത്തു ഞങ്ങൾ പോകുന്നു’ എന്ന കുറിപ്പും ഇവർ എഴുതിവെച്ചിട്ടുണ്ട്. മകൾ ഒഴികെ മറ്റു മൂന്നു പേരും വിഷം അകത്ത് ചെന്ന നിലയിലായിരുന്നു.
അലീനയെ കിടപ്പുമുറിയിൽ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലും സിബിയെ കിണറ്റിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിബി വിഷം കഴിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നുവെന്ന് പറയുന്നു. ബീന ഇടതുകൈയിൽ പലയിടത്തായും മുറിച്ച് രക്തം വരുന്ന സ്ഥിതിയിലായിരുന്നു. ഇവർ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നത് കണ്ട മകൻ കയർ മുറിച്ചിട്ടു. വിവരം ആദ്യം ആദിത്യനാണ് കുന്നംകുളം പൊലീസിനെ അറിയിച്ചത്. ഉടൻ നാട്ടുകാരോട് പറയാൻ പൊലീസ് നിർദേശിച്ചതോടെ തൊട്ടടുത്ത വീട്ടിലെ സുധാകരനെ ഫോൺ വിളിച്ച് അറിയിച്ചു. അദ്ദേഹം സമീപവാസികളെ വിളിച്ച് ഓടിയെത്തുമ്പോൾ അലീനയുടെ മൃതദേഹം താഴെയാണ് കിടന്നിരുന്നത്.
വിവരമറിഞ്ഞെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ബീനയെയും ആദിത്യനെയും ആദ്യം ആശുപത്രിയിലെത്തിച്ചു. തുടർന്ന് അലീനയുടെയും പിന്നീട് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ സിബിയുടെയും മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്ത് മോർച്ചറിയിൽ എത്തിച്ചു. ഒരു തവണ നീറ്റ് പരീക്ഷക്ക് പരാജയപ്പെട്ട അലീന അടുത്ത പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു. ആദിത്യനെ തിങ്കളാഴ്ച ബി.ടെക് കോഴ്സിന് ചേർക്കാനിരിക്കുകയായിരുന്നു.
സമീപവാസികളുമായോ അടുത്ത ബന്ധുക്കളുമായോ കുടുംബത്തിന് വേണ്ടത്ര അടുപ്പം ഉണ്ടായിരുന്നില്ല. അക്കിക്കാവ് സ്വദേശികളായ ഇവർ ഏഴ് വർഷം മുമ്പാണ് പഴഞ്ഞിയിൽ പുതിയ ഇരുനില വീട് നിർമിച്ച് താമസമാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടാണ് കൂട്ട ആത്മഹത്യ ശ്രമത്തിലേക്ക് പ്രേരിപ്പിച്ചതെന്നത് നാട്ടുകാർക്കും പൊലീസിനും വിശ്വസിക്കാനായിട്ടില്ല. സംഭവത്തിൽ ദുരൂഹതകൾ ഉള്ളതായും പറയപ്പെടുന്നു. മരിച്ച അലീനക്ക് പ്രണയം ഉണ്ടായിരുന്നതായും അതിനെ കുടുംബാംഗങ്ങൾ എതിർത്തിരുന്നതായും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധൻ, ഫോറൻസിക് വിഭാഗം, ഉയർന്ന പൊലീസ് ഉദ്യാഗസ്ഥർ തുടങ്ങിയവരും എത്തിയിരുന്നു.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ പോസ്റ്റുമാർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുന്നംകുളം മലങ്കര ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ വീട്ടിൽ കൊണ്ടുവന്ന് ഉച്ചക്ക് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.