2011 ഒക്ടോബർ ഏഴിന് കൊടുങ്ങല്ലൂർ എം.എസ്. ബാബുരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം എസ്. ജാനകിക്ക് സമ്മാനിക്കുന്നു (ഫയൽ)

കൊടുങ്ങല്ലൂരിന്റെ ഓർമകളിലെ വിസ്മയ സാന്നിധ്യമായി പാട്ടിന്റെ വാനമ്പാടി

കൊടുങ്ങല്ലൂർ: ‘താമര കുമ്പിളല്ലോ മമ ഹൃദയം’ എന്ന് തുടങ്ങുന്ന ഏതാനും വരികളാണ് പാടിയതെങ്കിലും ആ സ്വരമാധുരിയുടെ മഹാവിസ്മയ സാന്നിധ്യം കൊടുങ്ങല്ലൂരിന്റെ മനം കവർന്ന എന്നത്തെയും അനർഘവും ഹൃദ്യവുമായ ഓർമയാണ്. ഒപ്പം ഏറെ അഭിമാനകരമായ സ്മരണയും.

2011 ഒക്ടോബർ ഏഴിന്റെ സായംസന്ധ്യയിൽ നടന്ന കൊടുങ്ങല്ലൂരിന്റെ പുരസ്കാര വേളയിൽ സദസ്സും വേദിയും അഭ്യർഥിച്ചപ്പോഴാണ് എസ്. ജാനകിയെന്ന പാട്ടിന്റെ വാനമ്പാടിയുടെ കണ്oത്തിൽനിന്ന് ആ വരികൾ ഒഴുകിയെത്തിയത്. മന്ത്രിയടക്കമുള്ള ഏവരും എഴുന്നേറ്റ് നിന്ന് കൈയടികളോടെയാണ് പാട്ടിന്റെ ആ ഇതിഹാസത്തിന് ആദരവേകിയത്. പ്രതിഭാശാലികളായപി. ഭാസ്കരൻ മാഷുടെ ജീവിതഗന്ധിയായ വരികളും എം.എസ്. ബാബുരാജിന്റെ മാന്ത്രിക ഈണവും എസ്. ജാനകിയുടെ വികാരസാന്ദ്രവും ഒപ്പം മാസ്മരികമായ ആലാപനവും സമന്വയിച്ച ഹൃദയഹാരിയായ ഗാനങ്ങൾ മലയാള സംഗീത ചരിത്രത്തിലെ എന്നത്തെയും അമൂല്യനിധിയാണ്. അതുകൊണ്ട് തന്നെ പി. ഭാസ്കരന്റെ മണ്ണിൽ വെച്ച് എസ്. ജാനകി സ്വീകരിച്ച എം.എസ്. ബാബുരാജ് സ്മാരക പുരസ്കാരവും ഏറെ സവിശേഷതയുള്ളയിരുന്നു.

ഒരു ലക്ഷം രൂപ ഉൾപ്പെടുന്നതായിരുന്നു എ.എ. ബാബു, പി.വി. രമണൻ, ഡോ. ജോസ് ഊക്കൻ, ആസ്പിൻ അഷറഫ്, പ്രീമിയർ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകിയിരുന്ന എം.എസ്. ബാബുരാജ് ഫൗണ്ടേഷൻ സമ്മാനിച്ച പുരസ്കാരം. അന്നു മന്ത്രിയായിരുന്ന കെ.ബി. ഗണേശ് കുമാർ, സംവിധായകൻ കമൽ എന്നിവരാണ് പുരസ്കാരം സമ്മാനിച്ചത്. കൊടുങ്ങല്ലൂർ എം.എൽ.എയായിരുന്ന ടി.എൻ. പ്രതാപൻ, സുമശിവൻ ഉൾപ്പെടെയുള്ളവർ വേദിയിൽ സന്നിഹിതരായിരുന്നു. ചടങ്ങിൽ എസ്. ജാനകിയുടെ മകൻ മുരളീകൃഷ്ണയും പങ്കെടുത്തിരുന്നു.

‘തളിരിട്ട കിനാക്കൾ തൻ ......., ‘വാസന്ത പഞ്ചമി നാളിൽ ......, ‘സൂര്യകാന്തീ ...... സൂര്യകാന്തീ ......, ‘താമരകുമ്പിളല്ലോ മമഹൃദയം....., ‘താനേ തിരിഞ്ഞും മറിഞ്ഞും ..., ‘അഞ്ജനക്കണ്ണെഴുതി....... തുടങ്ങിയ നിരവധി ഗാനങ്ങളാണ് ഈ ത്രയങ്ങൾ മലയാളത്തിന് സമ്മാനിച്ചത്. ‘മൗനമേ നിറയും മൗനമേ......, നാഥാ നീ വരും കാലൊച്ച കേക്കുവാൻ........, സന്ധ്യേ കണ്ണീരിലെന്റെ സന്ധ്യേ..., ‘ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും......., സ്വർണമുകിലേ സ്വർണമുകിലേ സ്വപ്നം കാണാറുണ്ടോ......, തുടങ്ങിയ നിരവധി ഹൃദയസ്പർശിയായ ഗാനങ്ങളും ആ നാദധാരയുടെ എക്കാലത്തെയും സാക്ഷ്യങ്ങളാണ്.

Tags:    
News Summary - The song's heavenly melody is a wondrous presence in the memories of Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.