പ്രതികളായ മേഘ, മാനുവൽ, അമൽ
തൃശൂർ: നവജാത ശിശുവിനെ കൊന്ന് കനാലിൽ തള്ളിയ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടാൻ സഹായിച്ചത് പൊലീസിെൻറ പഴുതടച്ചതും ശാസ്ത്രീയവുമായ അന്വേഷണം. കനാൽ പരിസരത്ത് നിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. പ്രസവശേഷം മേഘ കൈമാറിയ കുഞ്ഞിെൻറ മൃതദേഹം നശിപ്പിക്കാനായി കാമുകൻ മാനുവലും സുഹൃത്ത് അമലും ഒട്ടേറെ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
മൃതദേഹം കത്തിച്ചു കളയാം എന്ന ഉദ്ദേശത്തോടെ ഇരുവരും മുണ്ടൂരിലെ പെട്രോൾ പമ്പിൽ പോയി 150 രൂപയുടെ ഡീസൽ വാങ്ങി. എന്നാൽ അനുയോജ്യ സാഹചര്യം ഇല്ലാത്തതിനാൽ മൃതദേഹം കുഴിച്ചിടാമെന്ന തീരുമാനത്തിലെത്തി. പേരാമംഗലം പാടത്തേക്ക് പോയെങ്കിലും ആളുകൾ കൂടിനിന്നിരുന്നതിനാൽ സാധിച്ചില്ല. അതിനുശേഷമാണ് ഇരുവരും ബൈക്കിൽ പൂങ്കുന്നം എം.എൽ.എ റോഡ് കനാൽ പരിസരത്ത് എത്തിയത്.
ബൈക്ക് അവിടെ നിർത്തി കനാലിെൻറ വരമ്പിലൂടെ നടന്ന് പ്ലാസ്റ്റിക് കവർ തുറന്ന് മൃതദേഹം വെള്ളത്തിൽ ഇറക്കി വെച്ച് വേഗത്തിൽ തിരിച്ചു പോവുയെന്നാണ് പ്രതികളുടെ മൊഴി. തൃശൂർ സിറ്റി ഷാഡോ പൊലീസിെൻറ നേതൃത്വത്തിൽ പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ മുഴുവൻ പരിശോധിച്ചിരുന്നു. സംശയാസ്പദമായ ആളുകളെ വിശദമായി ചോദ്യം ചെയ്തു. വിരലടയാള വിദഗ്ധർ, സയൻറിഫിക് ഓഫിസർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തി.
തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ.ആർ. രമിൻ, സബ് ഇൻസ്പെക്ടർ കെ.ജി. ജയനാരായണൻ, ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പഴനിസ്വാമി, ടി.വി. ജീവൻ, എം.എസ്. ലിഗേഷ്, വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.
പൂങ്കുന്നം എം.എൽ.എ റോഡ് കനാലിൽ നവജാത ശിശുവിെൻറ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായത് യുവതിയും കാമുകനും സുഹൃത്തും. കുഞ്ഞിെൻറ മാതാവ് തൃശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25), വരടിയം പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എൽ.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലിൽ നവജാതശിശുവിെൻറ മൃതദേഹം സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
അറസ്റ്റിലായ മേഘ എം.കോം ബിരുദധാരിയും തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയുമാണ്. മാനുവൽ പെയിൻറിങ് തൊഴിലാളിയാണ്. അയൽവാസികളായ മാനുവലും മേഘയും രണ്ടു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മേഘ ഗർഭിണിയായി. ഇത് വീട്ടുകാർ അറിയാതെ മറച്ചുവെച്ചു. വീടിെൻറ മുകളിലത്തെ മുറിയിൽ ഒറ്റക്കായിരുന്നു മേഘ കിടന്നുറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കിടപ്പുമുറിയിൽ വെച്ച് മേഘ പ്രസവിച്ച കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല.
പ്രസവിച്ച ഉടൻ മുറിയിൽ കരുതിവെച്ച വെള്ളം നിറച്ച ബക്കറ്റിലേക്ക് കുട്ടിയെ എടുത്തിട്ടു എന്നാണ് മേഘയുടെ മൊഴി. പിന്നീട് കുളിച്ച് വസ്ത്രങ്ങൾ മാറി, കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് സൂക്ഷിച്ചു. പിറ്റേന്ന് രാവിലെ 11ന് മൃതദേഹമടങ്ങിയ കവർ മാനുവലിനെ ഏൽപ്പിച്ചു. മാനുവലും സുഹൃത്ത് അമലും ചേർന്നാണ് മൃതദേഹമടങ്ങിയ സഞ്ചി കനാലിൽ ഉപേക്ഷിച്ചത്.
തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയുടെ മേൽനോട്ടത്തിൽ തൃശൂർ അസി. കമീഷണർ വി.കെ. രാജു, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എം.കെ. ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ശിശുവിെൻറ ഡി.എൻ.എ പരിശോധന നടത്തി കൂടുതൽ അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.