തൃശൂർ: കോവിഡ് പ്രോട്ടോകോൾ പ്രകാരം അടച്ചിടലിന് ശേഷം സഞ്ചാരികളെ വീണ്ടും വരവേറ്റ് ചെമ്പുക്കാവിലെ കൊല്ലങ്കോട് കൊട്ടാരം. നവംബർ മൂന്നിന് തുറന്ന് പ്രവർത്തനമാരംഭിച്ച നഗരമധ്യത്തിലുള്ള ഈ കൊട്ടാരം ഇപ്പോൾ ന്യൂ ജെൻ ഫോട്ടോ ഷൂട്ടുകളുടെ മികച്ച ലൊക്കേഷനാണ്. മനോഹരമായ ലാൻഡ്സ്കേപ്പും പഴമയും ഒത്തുചേരുന്നതിനാൽ സേവ് ദ ഡേറ്റ്, പോസ്റ്റ് ദ ഡേറ്റ് വിഡിയോഗ്രാഫർമാരുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. ഷൂട്ടിങിന് പ്രവേശന ഫീസ് മാത്രം നൽകിയാൽ മതിയെന്നതും ഗുണകരമാണ്.
അടച്ചിടലിെൻറ ബോറടിയിൽ നിന്ന് കുട്ടികളും പുറത്തിറങ്ങി തുടങ്ങിയതിനാൽ കൊട്ടാര വളപ്പിലെ ചിൽഡ്രൻസ് പാർക്കും സജീവമാണ്. ചരിത്രാന്വേഷികൾക്കും ടൂറിസ്റ്റുകൾക്കും ചിത്രരചന പഠിക്കുന്നവർക്കും ഒരുപോലെ സന്ദർശിക്കാവുന്ന കൊട്ടാരത്തിൽ പുരാതനമായ ചിത്രകലാ മ്യൂസിയം, ഫോക് ലോർ ഗ്യാലറി എന്നിവയുണ്ട്. മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് അഞ്ചു രൂപയുമാണ് ഫീസ്.
സംസ്ഥാന പുരാവസ്തുവകുപ്പ് പരിപാലിക്കുന്ന കൊല്ലങ്കോട് കൊട്ടാരത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൊല്ലങ്കോട് രാജവംശത്തിലെ അവസാനത്തെ രാജാവായ വാസുദേവരാജ തെൻറ മകൾക്കുവേണ്ടി 1904ൽ പണികഴിപ്പിച്ചതാണ് കൊല്ലങ്കോട് ഹൗസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം. 1975ൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. ചുവർ ചിത്രകല മ്യൂസിയവും ഇവിടെ പ്രവർത്തിക്കുന്നു. കൊല്ലങ്കോട് ഹൗസിൽ ആദ്യകാലത്ത് സജ്ജീകരിച്ച മ്യൂസിയത്തിൽ കൊച്ചി പുരാവസ്തുവകുപ്പ് പര്യവേക്ഷണങ്ങളിലൂടെയും ഖനനങ്ങളിലൂടെയും കണ്ടെത്തിയ പുരാവശിഷ്ടങ്ങളായിരുന്നു പ്രദർശന വസ്തുക്കളായി ഉണ്ടായിരുന്നത്. വകുപ്പിെൻറ കീഴിലുള്ള മ്യൂസിയങ്ങളിൽ ഏറ്റവും കൂടുതൽ പുരാവസ്തു ശേഖരം ഉണ്ടായിരുന്നതും ഇവിടെയായിരുന്നു.
2005ൽ പുരാവസ്തു മ്യൂസിയം ശക്തൻതമ്പുരാൻ കൊട്ടാരത്തിലേക്ക് മാറ്റിസ്ഥാപിച്ചു. ഇതോടെ കൊല്ലങ്കോട് ഹൗസ് ചുമർ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മ്യൂസിയവും പഠനകേന്ദ്രവുമായി മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ പുരാവസ്തു വകുപ്പിന് കീഴിലുള്ള മ്യൂറൽ ആർട്സ് സെൻറർ ഇവിടേക്ക് മാറ്റുകയായിരുന്നു. മട്ടാഞ്ചേരി കൊട്ടാരം, വടക്കുന്നാഥ ക്ഷേത്രം, ചെമ്മന്തിട്ട, പുതുക്കാട് പള്ളി, കാഞ്ഞൂർ പള്ളി എന്നിങ്ങനെ കേരളത്തിലെ ആരാധനാലയങ്ങളെയും കൊട്ടാരക്കെട്ടുകളെയും വർണാഭമാക്കുന്ന ചുമർച്ചിത്രങ്ങളുടെ പകർപ്പുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.