തൃശൂർ: തനിക്ക് ലഭിച്ച ഇ-മലയാളി പുരസ്കാരത്തിന്റെയും പുസ്തകങ്ങളുടെയും റോയൽറ്റി തുക അർഹതപ്പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും നൽകാൻ മകൾ ജൂണിന്റെ ഫൗണ്ടേഷനുവേണ്ടി മാറ്റിവെക്കുമെന്നു എഴുത്തുകാരനും കോളമിസ്റ്റുമായ മേതിൽ രാധാകൃഷ്ണൻ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസിദ്ധീകരണ സ്ഥാപനമായ ഇ-മലയാളി ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ പ്രഥമ പുരസ്കാരം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
അകാലത്തിൽ പൊലിഞ്ഞ പ്രിയ മകളുടെ ഓർമക്കായി രൂപീകരിക്കുന്ന ട്രസ്റ്റിന്റെ പേര് ജൂൺ മെമ്മോറിയൽ എന്നായിരിക്കും. വിവിധ എൻ.ജി.ഒകൾക്ക് മകൾ കൈമാറിയിരുന്ന തുക തുടർന്നും നൽകുന്നതിനാണ് ഈ ശ്രമം. ജൂൺ മെമ്മോറിയൽ ട്രസ്റ്റിലേക്ക് ഇ-മലയാളി സമ്മാനതുക സംഭാവന ചെയ്യുന്നുവെന്നും മേതിൽ അറിയിച്ചു. യന്ത്രമനുഷ്യർ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുമെന്ന് ദീർഘ വീക്ഷണത്തോടെ എഴുതിയ സാഹിത്യകാരനാണ് മേതിൽ എന്ന് പുരസ്കാരത്തുക ജി-പേയിലൂടെ നൽകിക്കൊണ്ട് ചിന്തകനും എഴുത്തുകാരനുമായ കെ. വേണു പറഞ്ഞു.
മലയാള സാഹിത്യത്തെ നിരന്തരം പുതുക്കുന്ന എഴുത്തുകാരനാണ് മേതിലെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു. മേതിലിന്റെ ‘ദൈവം മനുഷ്യൻ യന്ത്രം’ പുസ്തകത്തിന്റെ പുതിയ പതിപ്പ് കവർ പ്രകാശനം നടന്നു. എം.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.